അറഫാസംഗമം ഇന്ന്

Update: 2020-07-30 05:51 GMT

മുസ്തഫ പള്ളിക്കൽ

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫാസംഗമം ഇന്ന് നടക്കും. ഇന്നലെ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ അറഫയില്‍ എത്തിക്കഴിഞ്ഞു.

ഇന്ന് ദുല്‍ഹിജ്ജ ഒന്‍പതു ളുഹര്‍ മുതല്‍ മഗ്‌രിബ് വരെയാണ് അറഫയില്‍ സംഗമിക്കേണ്ട സമയം.

ഉച്ചക്ക് അറഫയിലെ നമിറ മസ്ജിദില്‍ അറഫാ പ്രഭാഷണം നടക്കും. ളുഹര്‍, അസര്‍ എന്നി നിസ്‌കാരങ്ങള്‍ ചുരുക്കി, ഒന്നിച്ചു ചേര്‍ത്ത് (ജംഉം ഖസറുമാക്കി) നമസ്‌കരിക്കും.

അതേസമയം, ഈ വര്‍ഷം അറഫാ പ്രസംഗം ഷെയ്ഖ് അബ്ദുല്ല അല്‍ മാനിഅ നിര്‍വഹിക്കും. സൗദി ഉന്നത പണ്ഡിതസഭ അംഗവും കൊട്ടാരം ഉപദേഷ്ടാവുമാണ് ഷെയ്ഖ് അബ്ദുല്ല അല്‍ മാനിഅ.

10 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുന്ന അറഫാ പ്രസംഗം 10 കോടി ജനങ്ങള്‍ തല്‍സമയം കേള്‍ക്കുമെന്നാണ് പ്രതീക്ഷ. എല്ലാ വര്‍ഷവും ഇരുപതു ലക്ഷത്തില്‍ പരം തീര്‍ത്ഥാടകര്‍ സംഗമിക്കുന്ന അറഫയില്‍ ഈ വര്‍ഷം കൊവിഡ് മഹാമാരി കാരണം 1000 ത്തോളം വരുന്ന തീര്‍ത്ഥാടകര്‍ മാത്രമാണ് സംഗമിക്കുന്നത്. കൊവിഡ് കാലത്തും ഹജ്ജ് നിര്‍ത്തിവെക്കേണ്ടതില്ലന്ന സൗദി സര്‍ക്കാരിന്റെ തീരുമാനപ്രകാരം കുറഞ്ഞ ഹാജിമാരെ പങ്കെടുപ്പിച്ചാണ് ഈ വര്‍ഷം ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്.

പതിനായിരം തീര്‍ത്ഥാകര്‍ക്കു അനുമതി നല്‍കും എന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആയിരം പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഹജ്ജിനു അവസരം ലഭിച്ചത്.

മുഴുവന്‍ ഹാജിമാരും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാകും കര്‍മങ്ങള്‍ നിര്‍വഹിക്കുക. ഹാജിമാര്‍ക്കുള്ള ഭക്ഷണം പരിപൂര്‍ണമായി പരിശോധിച്ചു ഉറപ്പുവരുത്തിയാണ് നല്‍കുന്നത് സാമൂഹികഅകലം പാലിച്ച് എല്ലാ സൗകര്യങ്ങളും അറഫയിലും സജ്ജീകരിച്ചിട്ടുണ്ട്. ഹാജിമാരുടെ കര്‍മങ്ങളും മറ്റും നിരീക്ഷിക്കുന്നതിനായി 6,250 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങള്‍ തീരുംവരെ സുരക്ഷാവകുപ്പിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നിരീക്ഷണത്തിലാകും. ഹറം പള്ളിയിലും മിനയിലും അറഫയിലും മുസ്ദലിഫയിലും മറ്റു വഴികളിലെല്ലാം നിരീക്ഷണ ക്യാമറകളുമുണ്ട്. 

Tags:    

Similar News