മാപ്പ് പറഞ്ഞ് അശോക് ഗെഹ് ലോട്ട്; അധ്യക്ഷസ്ഥാനത്തേക്കുള്ള മല്‍സരത്തിനില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കില്ലെന്നും തന്റെ നീക്കങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് അശോക് ഗെഹ് ലോട്ട് നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പും രാജസ്ഥാനിലെ വിമത നീക്കവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ നിര്‍ണായക യോഗം.
'രണ്ട് ദിവസം മുമ്പുണ്ടായ സംഭവങ്ങള്‍ ഞങ്ങളെ എല്ലാവരേയും ഉലച്ചിട്ടുണ്ട്. ഞാന്‍ സോണിയാ ഗാന്ധിയോട് മാപ്പ് പറഞ്ഞു. ഒരു ഏകോപിപ്പിക്കാനുള്ള ശ്രമം ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. ഞാന്‍ സോണിയാഗാന്ധിയോട് ക്ഷമപറഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത പദവികള്‍ വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഇത് ആദ്യമായാണ് സംഭവിക്കുന്നത്. ഇതിലെനിക്ക് വലിയ സങ്കടമുണ്ട്. ഈ സാഹചര്യത്തില്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മുഖ്യമന്ത്രിയായി തുടരണോ എന്ന് സോണിയ ഗാന്ധി തീരുമാനിക്കും,' അശോക് ഗെലോട്ട് പറഞ്ഞു.
ഇതോടെ ശശി തരൂരും ദിഗ് വിജയ സിങ്ങുമാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരരംഗത്തുണ്ടാവുക.