'എനിക്ക് എങ്ങനെ അവരെ ഒറ്റിക്കൊടുക്കാന്‍ കഴിയും?' രാജസ്ഥാനില്‍ വിമത എംഎല്‍എമാരെക്കുറിച്ച് അശോക് ഗെഹ്‌ലോട്ട്
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തനിക്കൊപ്പം നിന്ന എംഎല്‍എമാരെ പ്രതിരോധിച്ച് അശോക് ഗെഹ്‌ലോട്ട്. 2020ലെ വിമത നീക്കത്തില്‍ തനിക്കൊപ്പം നിന്ന് സര്‍ക്കാരിനെ രക്ഷിച്ച 102 എംഎല്‍എമാരെ ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ മാറ്റണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്നും ഗെഹ് ലോട്ട് പറഞ്ഞു.
'ഞാന്‍ എന്റെ ജോലി ചെയ്യുന്നു, ഒരു തീരുമാനം എടുക്കേണ്ടതുണ്ടെങ്കില്‍ അത് പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കണം,' അദ്ദേഹം പറഞ്ഞു.
2020ല്‍ തനിക്കെതിരെ കലാപം നടത്തിയ വിമതര്‍ ബിജെപിയുമായി കൈകോര്‍ത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ഞങ്ങളുടെ ചില എംഎല്‍എമാര്‍ അമിത് ഷായെയും ധര്‍മേന്ദ്ര പ്രധാനെയും മറ്റ് നേതാക്കളെയും കണ്ടു. ഞങ്ങളുടെ എംഎല്‍എമാര്‍ക്ക് അമിത് ഷാ മധുരം വിളമ്പുകയായിരുന്നു. അപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിച്ച 102 എംഎല്‍എമാരെ ഞാന്‍ എങ്ങനെ മറക്കും- അദ്ദേഹം പറഞ്ഞു.
'രാഷ്ട്രീയ പ്രതിസന്ധിയുടെ സമയത്തായാലും കൊറോണ സമയത്തായാലും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം പൊതുജന പിന്തുണ ലഭിച്ചിട്ടുണ്ട്. അതിനാല്‍, എനിക്ക് അവരെ വിട്ടുനില്‍ക്കാനാവില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സച്ചിന്‍ പൈലറ്റിന്റെ പേര് പരാമര്‍ശിക്കാതെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം വേണമെന്ന് ഗെഹ്‌ലോട്ട് സൂചിപ്പിച്ചു. സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയുടെ പേരില്‍ എംഎല്‍എമാര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗെഹ്‌ലോട്ടിന്റെ പരാമര്‍ശങ്ങള്‍ സച്ചിന്‍ പൈലറ്റിനെ പ്രതിക്കൂട്ടിലാക്കുന്നവയാണെന്ന് കരുതപ്പെടുന്നു.
'ആ സമയം ഞാന്‍ ജയ്‌സാല്‍മീറിലായിരുന്നു. കാര്യങ്ങള്‍ എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന് എംഎല്‍എമാര്‍ക്ക് മനസ്സിലായി,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.