അസം പോലിസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി നിലമ്പൂരില്‍ അറസ്റ്റില്‍

വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ വേട്ടയാടിയതടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍

Update: 2022-02-17 07:23 GMT
മലപ്പുറം:അസം പോലിസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് അറസ്റ്റില്‍. അസം സോനിത്പുര്‍ സ്വദേശിയായ അസ്മത് അലിയാണ് അറസ്റ്റിലായത്.വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ വേട്ടയാടിയതടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇയാളുടെ സഹായി അമീര്‍ ഖുസ്മുവും പിടിയിലായിട്ടുണ്ട്.

നിലമ്പൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. അസം പോലിസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.അസം പോലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂര്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.അസം പോലിസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കും.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരില്‍ എത്തിയത്. നേരത്തെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് നിലമ്പൂരില്‍ ഉണ്ടെന്ന വിവരം പോലിസിന് ലഭിച്ചത്.

Tags:    

Similar News