ഇസ്രാ ജാബിസ്: ഒറ്റ രാത്രികൊണ്ട് ഇരയില്‍ നിന്ന് 'കുറ്റവാളി'യിലേക്ക്
അധിനിവേശ ഭരണകൂടം ഉയര്‍ത്തിയ എല്ലാ വൈതരണികളേയും മറികടന്ന് ഉന്നത പഠനത്തിലൂടെ മികച്ച കരിയര്‍ സ്വപ്‌നം കണ്ട ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ കഥ ഇത്തരത്തിലൊന്നാണ്.
തെല്‍ അവീവ്: നിരപരാധികളായ ഫലസ്തീനികളെ ഇല്ലാക്കഥകള്‍ മെനഞ്ഞ് കുറ്റവാളിയാക്കി ചിത്രീകരിച്ച് വര്‍ഷങ്ങളോളം തടവിലിടുന്നതും മാരക മുറിവുകളുണ്ടായിട്ടും വൈദ്യ സഹായം ലഭ്യമാക്കാതെ മരണത്തിലേക്ക് തള്ളിവിടുന്നതും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അധിനിവേശ ഇസ്രായേല്‍ ഭരണകൂടം കാലങ്ങളായി ചെയ്തുവരുന്നതാണ്.
അധിനിവേശ ഭരണകൂടം ഉയര്‍ത്തിയ എല്ലാ വൈതരണികളേയും മറികടന്ന് ഉന്നത പഠനത്തിലൂടെ മികച്ച കരിയര്‍ സ്വപ്‌നം കണ്ട ഇസ്രാ ജാബിസ് എന്ന ഫലസ്തീന്‍ യുവതിയുടെ കഥ ഇത്തരത്തിലൊന്നാണ്. ഒറ്റ ദിനം കൊണ്ടാണ് ഇസ്രയുടെ ജീവിതം നരകമായി മാറിയത്.
വീട്ടിലേക്കുള്ള യാത്രക്കിടെ കാറിന് തീപിടിച്ചതോടെയാണ് ഇസ്രയുടെ ജീവിതം മാറി മറിഞ്ഞത്. അഗ്നിബാധയില്‍ ഗുരുതര പൊള്ളലേറ്റ് മരണത്തോട് മല്ലടിച്ച ഇസ്രയെ മതിയായ ചികില്‍സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെകൊണ്ടുവരുന്നതിന് പകരം 2017ല്‍ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചാണ് ഇസ്രായേല്‍ കോടതി മനസാക്ഷിയുള്ളവരെ ഞെട്ടിച്ചത്.അക്ഷരാര്‍ത്ഥത്തില്‍ ഒരു തെറ്റും ചെയ്യാതെയായിരുന്നു ഒരു കുട്ടിയുടെ മാതാവായ ഈ ഫലസ്തീന്‍ യുവതിയെ ഇസ്രായേല്‍ ഭരണകൂടം തടവറയില്‍ തള്ളിയത്.
2015 ഒക്‌ടോബര്‍ 10നാണ് ഇവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ മൊഡ്യൂളിനായുള്ള ഗവേഷണ പ്രോജക്റ്റ് സമര്‍പ്പിക്കുന്നതിന്റെ തലേന്ന് ഇപ്പോള്‍ 37 വയസ്സുള്ള ഇസ്രാ ജാബിസ് ഫര്‍ണിച്ചറുകളുമായി ജറുസലേമിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജറുസലേമിലെ അല്‍സയ്യിം സൈനിക ചെക്ക് പോയിന്റില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ വച്ച് സാങ്കേതിക തകരാര്‍ മൂലം അവള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു. തീ ആളിപ്പടര്‍ന്ന കാറില്‍നിന്നു ഗുരുതര പൊള്ളലേറ്റ് പുറത്തേക്ക് ചാടിയ ഇസ്രായെ സമീപത്തുള്ള ഇസ്രായേല്‍ സൈനികര്‍ ഇവരെ അക്രമി ആയിട്ടാണ് കരുതിയത്. ശരീരമാകെ തീ ആളിപ്പടര്‍ന്ന് നിലവിളിച്ച് ഓടിയ ഇസ്രയെ രക്ഷിക്കുന്നതിനു പകരം അവര്‍ക്കു നേരെ തോക്ക് ചൂണ്ടി നിലത്തുകിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു സൈനികര്‍. സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്ന ഇസ്രയെ കത്തി താഴെയിടൂ എന്നാക്രോശിച്ച് റൈഫിളിന്റെ ബാരല്‍ കൊണ്ടാണ് ഇസ്രായേല്‍ സൈനികന്‍ മറുപടി നല്‍കിയത്. കത്തിക്കൊണ്ടിരുന്ന ശരീരവുമായി 15 മിനിറ്റോളമാണ് ഇസ്ര ജീവിതത്തിനു മരണത്തിനും ഇടയില്‍ സൈന്യത്തിന്റെ കാരുണ്യത്തിന് കാതോര്‍ത്ത് നടുറോഡില്‍ കിടന്നത്.
പിന്നാലെ, അവള്‍ക്ക് ചികില്‍സ നല്‍കുന്നതിനു പകരം അവളെ അറസ്റ്റ് ചെയ്യുകയായിരുന്നു ഇസ്രായേല്‍ അധികൃതര്‍. ഇസ്രായുടെ കാറിലെ ഗ്യാസ് സിലിണ്ടര്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. എന്നാല്‍, 'കൊലപാതകശ്രമം' എന്ന് ആരോപിച്ചായിരുന്നു സൈന്യം ഇസ്രയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനുള്ള തെളിവുകളൊന്നും അവര്‍ ഹാജരാക്കിയില്ല. ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച ഇസ്രാ താന്‍ ജബല്‍ അല്‍മുകബര്‍ സമീപമുള്ള തന്റെ വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ മാറ്റുകയായിരുന്നുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അല്‍അഖ്‌സ മസ്ജിദിലെ ഇസ്രായേല്‍ പ്രകോപനങ്ങള്‍ക്കെതിരേ 2014ല്‍ പൊട്ടിപ്പുറപ്പെട്ട 'ജെറുസലേം ഇന്‍തിഫാദ' കത്തിനില്‍ക്കുന്നതിനിടെയായിരുന്നു ഈ അപകടം. 2015ന്റെ അവസാന പകുതി വരെ പ്രക്ഷോഭം തുടര്‍ന്നിരുന്നു.
പത്ത് ഫലസ്തീനിയന്‍ അമ്മമാര്‍ക്കും 35 വനിതാ തടവുകാര്‍ക്കുമൊപ്പം വടക്കന്‍ ഇസ്രായേലിലെ ഡാമണ്‍ ജയിലിലാണ് ഇസ്ര കഴിയുന്നത്. ശരീരത്തിന്റെ 60 ശതമാനത്തില്‍ രണ്ടാം ഡിഗ്രി മുതല്‍ മൂന്നാം ഡിഗ്രി വരെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകള്‍ ഉരുകിപ്പോയിരുന്നു.ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.
ജയില്‍ അഴികള്‍ക്കു പിന്നിലെ 'ഏറ്റവും ബുദ്ധിമുട്ടുള്ള കേസ്' ആണ് ഇസ്രയുടേതെന്നാണ് അടുത്തിടെ ജയിലില്‍നിന്നു പുറത്തിറങ്ങിയ ഇസ്രയുടെ സഹതടവുകാരി നസ്രീന്‍ അബു കെമെയില്‍ വിശേഷിപ്പിച്ചത്. 'അവള്‍ക്ക് ശരിയായി ഭക്ഷണം കഴിക്കാനോ ശ്വസിക്കാനോ കഴിയുന്നില്ല, പൊള്ളലേറ്റതു കാരണം കഠിനമായ വേദനയിലൂടെയാണ്് അവര്‍ കടന്നുപോവുന്നത്. എന്നാല്‍, ഡാമണ്‍ ജയില്‍ ഭരണകൂടം ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ പോലും തയ്യാറാവുന്നില്ല. ഇസ്രായേലി പ്രിസണ്‍ സര്‍വീസ് (ഐപിഎസ്) വൈദ്യശാസ്ത്രപരമായ അവഗണന അനുഭവിക്കുന്നതിനായി ഇസ്രയെ ബോധപൂര്‍വം വിടുകയാണ്.
'ഇസ്‌റ വൈദ്യചികിത്സയോ അടിസ്ഥാന വൈദ്യ പരിചരണമോ പ്ലാസ്റ്റിക് സര്‍ജറിയോ ആവശ്യപ്പെടുമ്പോഴെല്ലാം, അവള്‍ക്ക് അതു തന്നെ വേണമെന്നാണ് ജയില്‍ ഭരണകൂടം മറുപടി നല്‍കുന്നത്'-കഴിഞ്ഞ സെപ്റ്റംബറില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫലസ്തീന്‍ വനിതാ തടവുകാരി അന്‍ഹര്‍ അല്‍ദീഖ് പറഞ്ഞു.
തന്റെ ജയില്‍ശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കാന്‍ 2018 ജനുവരിയില്‍ ഇസ്ര കോടതിയില്‍ ഹാജരായിരുന്നു. വിചാരണക്കിടെ അവളുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ കൈകളുടെ അവശിഷ്ടങ്ങള്‍ കോടതിയില്‍ ഉയര്‍ത്തിക്കാട്ടി 'ഇതിനേക്കാള്‍ കഠിനമായ വേദനയുണ്ടോ? എന്നാണ് ചോദിച്ചത്. 'അവളുടെ മുഖവും കണ്ണുകളും അവള്‍ എത്രമാത്രം വേദനതിന്നുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു.
'ഇസ്രയ്ക്ക് എട്ട് അടിയന്തര ശസ്ത്രക്രിയകള്‍ ആവശ്യമാണ്, അവളുടെ പരിക്കുകള്‍ ഭാഗികമായെങ്കിലും ചികിത്സിക്കാന്‍ മുപ്പത് പ്ലാസ്റ്റിക് സര്‍ജറികളും വേണം' -ഇസ്രയുടെ സഹോദരി മോന ജാബിസ് മാധ്യമങ്ങളോട് പറഞ്ഞു.
'മൂക്കിലെ ദ്വാരങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നതിനാല്‍ ഇസ്ര വായിലൂടെയാണ് ശ്വസിക്കുന്നത്. മൂക്ക്, ചെവി, തൊണ്ട, താഴത്തെ ചുണ്ടുകള്‍ എന്നിവയില്‍ ആവശ്യമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ഇസ്രയെ അനുവദിക്കുന്നതിന് അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ ഇപ്പോള്‍ കോടതിയില്‍ പോരാട്ടത്തിലാണ്'-അവര്‍ വ്യക്തമാക്കി.
ഇസ്രയുടെ മോചനത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഫലസ്തീന്‍ ആക്റ്റീവിസ്റ്റുകള്‍ പിന്തുണ ശേഖരിക്കുന്നുണ്ട്. സെപ്തംബര്‍ ആദ്യം ട്വിറ്ററിലെ ഹാഷ് ടാഗുകളില്‍ #Save_sIraa ഒന്നാമതെത്തി. കാമ്പയിന്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ഇസ്രയുടെ കുടുംബം മെമോയോട് പറഞ്ഞു.