അസമിലെ പോലിസ് നരനായാട്ട്; 12കാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ആധാര്‍കാര്‍ഡ് വാങ്ങി മടങ്ങുമ്പോള്‍
ഗുവാഹത്തി:ധോല്‍പൂരില്‍ മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനെത്തിയ പോലിസ് വെടിവെച്ചു കൊന്നത് 12കാരനെയും. ആധാര്‍ കാര്‍ഡ് വാങ്ങി വിട്ടിലേക്കു മടങ്ങുകയായിരുന്ന 12കാരനായ ഷെയ്ഖ് ഫരിദിന്റെ നെഞ്ചിലേക്ക് നേരെ മുന്നില്‍ നിന്നാണ് പോലിസ് വെടിവെച്ചത്. നെഞ്ചില്‍ വെടിയുണ്ട കയറിയിറങ്ങിയ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ച് വീഴുകയായിരുന്നു.
പ്രാദേശിക പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ കാര്‍ഡ് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഫരീദിനെ പോലിസ് വെടിവെച്ച് വീഴ്ത്തിയത്. കുടിയൊഴിപ്പിക്കുന്നതിനിടെ ജനക്കൂട്ടം അക്രമാസക്തരായപ്പോള്‍ സ്വയം രക്ഷക്ക് വെടിവെക്കുകയായിരുന്നു എന്ന പോലിസ്-ബിജെപി സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് പോലിസിന്റെ വെടിയേറ്റുള്ള 12കാരന്റെ മരണം. ധോല്‍പൂരില്‍ 800ഓളം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്.
സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോകാനുള്ള നോട്ടീസോ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങളോ ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട ഫരീദിന്റെ കുടുംബം പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. കുടുംബത്തിലെ നാലുമക്കളില്‍ ഏറ്റവും ഇളയവനാണ് ഫരീദ്. മുന്‍പില്‍ നിന്നാണ് ഫരീദിന് വെടിയേറ്റതെന്നും നെഞ്ചിലാണ് വെടിയുണ്ട തുളച്ച് കയറിയതെന്നുമാണ് ഫരീദിന്റെ ബന്ധുക്കള്‍ പറയുന്നു.