കൊവിഡ് 19: തബ്‌ലീഗ് ജമാഅത്ത് സംസ്ഥാന നേതാക്കള്‍ക്കെതിരേ 'ജൈവഭീകരത' ചുമത്തി അസം പോലിസ്
കൊവിഡ് 19 ബോധപൂര്‍വം പകര്‍ത്തിയെന്നും വ്യാപനത്തിന് സഹായിച്ചുവെന്നുമാരോപിച്ചാണ് കേസെടുത്തത്
ഗുവാഹത്തി: തബ്‌ലീഗ് ജമാഅത്തിന്റെ മൗലാന സാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും അസം സംസ്ഥാന നേതാക്കള്‍ക്കുമെതിരേ 'ജൈവഭീകരത' ചുമത്തി അസം പോലിസ് കേസെടുത്തു. കൊവിഡ് 19 ബോധപൂര്‍വം പകര്‍ത്തിയെന്നും വ്യാപനത്തിന് സഹായിച്ചുവെന്നുമാരോപിച്ചാണ് കാമരൂപ് ജില്ലയിലെ ചങ്കസാരി പോലിസ് നേതാക്കള്‍ക്കെതിരേ കേസെടുത്തത്. തബ്‌ലീഗ് രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തിയെന്നും ജൈവഭീകരത പ്രസരിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഒളിവില്‍പോയെന്നും ആരോഗ്യവകുപ്പില്‍ റിപോര്‍ട്ട് ചെയ്തില്ലെന്നും പോലിസ് പറയുന്നു.
മര്‍ക്കസ് നേതാക്കള്‍ക്കു പുറമെ സംസ്ഥാനത്തെ അഞ്ചു പേരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്.
പാസ്‌പോര്‍ട്ട് നിയമത്തിനു പുറമെ രോഗം പ്രസരിപ്പിച്ചതിന് സെക്ഷന്‍ 270 പ്രകാരവും കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്ന് വന്നവര്‍ക്ക് രോഗം പരത്താന്‍ സഹായം നല്‍കിയെന്നാണ് നേതാക്കള്‍ക്കെതിരേ ചുമത്തിയ കേസ്.
നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പില്‍ റിപോര്‍ട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു. അല്ലാത്തവര്‍ക്കെതിരേ ക്രിമിനല്‍ കേസ് ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കി.