നിയമസഭാ തിരഞ്ഞെടുപ്പ്: ട്വന്റി ട്വന്റിയുടെ ചിഹ്നം പൈനാപ്പിള്‍
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്.
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്വന്റി ട്വന്റിക്ക് പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്.
എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം. കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാണ് ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്.
കുന്നത്തുനാട് മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നാണ് ട്വന്റി ട്വന്റിയുടെ കണക്കുകൂട്ടല്‍. മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തോളം വോട്ടാണ് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് എന്നി പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. കിഴക്കമ്പലത്ത് തുടര്‍ഭരണമാണ്.