നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 'മതേതര' പാര്‍ട്ടികളുടെ പരാധീനത തുറന്നുകാട്ടുന്നു:എസ്ഡിപിഐ

Update: 2022-03-10 10:15 GMT
കോഴിക്കോട്:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ വിജയമല്ലെന്നും,'സെക്കുലര്‍'എന്ന് വിളിക്കപ്പെടുന്ന പാര്‍ട്ടികളുടെ പരാധീനതയും കഴിവുകേടും തുറന്നുകാട്ടുന്നതാണെന്നും എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി.

ഫാസിസ്റ്റുകളെ പ്രതിരോധിക്കുന്നതിലും പരാജയപ്പെടുത്തുന്നതിലും പരാജയപ്പെട്ടതിന് ഇവിഎമ്മിനെ കുറ്റപ്പെടുത്തി കൈ കഴുകാന്‍ കഴിയില്ല. കഴിഞ്ഞ ഏഴു വര്‍ഷമായി ഈ പാര്‍ട്ടികള്‍ ഒന്നും പഠിച്ചിട്ടില്ല. ബിജെപി ഇതര പാര്‍ട്ടികളെല്ലാം ബിജെപിയുമായി സൗഹൃദ മത്സരത്തിലാണെന്ന് തോന്നുന്നതായും ഫൈസി കുറ്റപ്പെടുത്തി.

വലതുപക്ഷ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നതിലും അവരെ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിലും മറ്റുള്ള പാര്‍ട്ടികള്‍ പരാജയപ്പെട്ടതാണ് ബിജെപിയുടെ വിജയം സുഗമമാക്കിയത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇപ്പോഴും രാജ്യവ്യാപകമായി ശൃംഖലയും രാജ്യത്തുടനീളമുള്ള പ്രവര്‍ത്തകരും ഉണ്ട്, രാജ്യത്ത് പുതുതായി വികസിച്ച രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിവുള്ള ഒരു നേതൃത്വത്തിന്റെ അഭാവമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും ഫൈസി വ്യക്തമാക്കി.

ഭീകരമായി വളരുന്ന ഫാസിസത്തിനെതിരെ ഒരു പാര്‍ട്ടിക്കും യഥാര്‍ത്ഥ അജണ്ടയില്ല. അവരുടെ ലക്ഷ്യം അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ്,അവസരം ലഭിച്ചാല്‍ അവര്‍ അധികാരത്തിലിരിക്കാന്‍ ഫാസിസ്റ്റുകളെ പിന്തുണച്ചേക്കാം.രാജ്യത്തെ ന്യൂനപക്ഷപിന്നാക്ക വിഭാഗങ്ങള്‍ക്ക് വളരെ ശക്തമായ സന്ദേശവും പാഠവുമാണ് ഫലങ്ങള്‍ നല്‍കുന്നത്. തങ്ങളെ ഇപ്പോഴും 'സെക്കുലര്‍' പാര്‍ട്ടികള്‍ വോട്ട് ബാങ്കായി ഉപയോഗിക്കുന്നുവെന്ന് അവര്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇതര പാര്‍ട്ടികള്‍ എപ്പോഴും ഇറക്കി കളിക്കുന്ന കാര്‍ഡാണ് മൃദുഹിന്ദുത്വ. ഈ പാര്‍ട്ടികളുടെ ചില നേതാക്കള്‍ യഥാര്‍ത്ഥത്തില്‍ പ്രസ്താവിച്ചതുപോലെ, വലതുപക്ഷ ഫാസിസ്റ്റുകളുടെ കഠിനമായ ഹിന്ദുത്വത്തിന് ബദലല്ല മൃദുഹിന്ദുത്വം.ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ തിരഞ്ഞെടുപ്പുകാലത്ത് മൃദുഹിന്ദുത്വത്തിന്റെ ചങ്ങലയില്‍ എപ്പോഴും ബന്ധിതരാകുന്നു,ഈ പാര്‍ട്ടികള്‍ അതിന്റെ കെടുതികള്‍ തിരിച്ചറിയുകയും സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും അതില്‍ നിലകൊള്ളുകയും ചെയ്യുന്ന നവരാഷ്ട്രീയ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുകയും മുന്നോട്ടുവരുകയും വേണം.

ഇന്ത്യന്‍ വോട്ടര്‍മാര്‍ വിനാശകരമായി വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം.ഭൂരിപക്ഷ സമുദായം സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ വികസനത്തിനെതിരായ മതഭ്രാന്തന്‍ വര്‍ഗീയതയാണ് ഇഷ്ടപ്പെടുന്നത്.ആദിത്യനാഥ് അധികാരമേറ്റതുമുതല്‍ ഉത്തര്‍പ്രദേശ് അത്യന്തം വിനാശകരവും,ജനവിരുദ്ധവും,ജനാധിപത്യവിരുദ്ധവുമായ പ്രവൃത്തികള്‍ക്കും നടപടികള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലതുപക്ഷ ഐടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നല്ലാതെ സംസ്ഥാനത്തിനും വികസനത്തിനും ജനങ്ങള്‍ക്കും അനുകൂലമായ ഒന്നും തന്നെ യുപിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ കാലഘട്ടത്തില്‍ ആനുപാതികമായി വികസിച്ചത് മതഭ്രാന്ത്,വിദ്വേഷം,സ്ത്രീവിരുദ്ധത, ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങളും ശക്തിപ്രകടനവുമാണ്. എന്നിട്ടും, യുപിയിലെ ഭൂരിഭാഗം ജനങ്ങളും ഒരേ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത് രാജ്യത്തിന് ശുഭസൂചനയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളോട് അധികാരത്തേക്കാള്‍ ജനപക്ഷത്ത് നില്‍ക്കണമെന്നും ഫാസിസത്തിന്റെ കൂടാരങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ യോജിച്ച ശക്തമായ തന്ത്രം ആസൂത്രണം ചെയ്യണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നുള്ള സന്ദേശം സ്വാംശീകരിക്കാനും രാജ്യത്തിന്റെ പുരോഗതിയും വികസനവും ലക്ഷ്യമിടുന്ന ജനപക്ഷ പാര്‍ട്ടികളോടും പ്രസ്ഥാനങ്ങളോടും ചേരാനും രാജ്യത്തെ മതഭ്രാന്തന്മാരല്ലാത്ത വര്‍ഗീയതയില്ലാത്ത ഭൂരിപക്ഷത്തോട് ആവശ്യപ്പെടുന്നതായും ഫൈസി പറഞ്ഞു.




Tags:    

Similar News