നിയമസഭാ തിരഞ്ഞെടുപ്പ്: ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നടക്കുന്ന ബാങ്ക് ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കും

Update: 2021-03-10 08:34 GMT

കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് കാസര്‍കോഡ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ബാങ്കേസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക്ക്/ആര്‍ ടി ജി എസ് സംവിധാനം ഉപയോഗിക്കണം. സ്ഥാനാര്‍ത്ഥിയോ, അവരുമായി ബന്ധമുള്ളവരോ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ foksdcoll@gmail.com എന്ന മെയില്‍ ഐ ഡിയിലേക്ക് റിപോര്‍ട്ട് ചെയ്യണം.

എ ടി എം നിറയ്ക്കുന്നതിന് പണവുമായി പോകുന്നവര്‍ക്ക് ഏജന്‍സിയുടെ കൃത്യമായ ഒതറൈസേഷന്‍ ലെറ്ററും, ഐ ഡി കാര്‍ഡ് എന്നിവയുണ്ടാകണം. പണം എണ്ണിത്തിടപ്പെടുത്തി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. പണം ഏത് ബാങ്കില്‍ നിന്ന് ഏത് എ ടി എമ്മിലേക്ക് കൊണ്ടുപോകുന്നുവെന്നും എത്രം പണം കൊണ്ടു പോകുന്നുവെന്നും രേഖപ്പെടുത്തണം. അനധികൃതമായി യാതൊരു പണവും എ ടി എം വാഹനത്തില്‍ ഉണ്ടാകരുത്.

രണ്ട് മാസമായി യാതൊരുവിധ ഇടപാടുകളും നടക്കാത്ത അക്കൗണ്ടുകളില്‍ തിരഞ്ഞെടുപ്പ് വേളയില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയോ പണം പിന്‍വലിക്കുകയോ ചെയതാല്‍ അവ ബാങ്കുകള്‍ റിപോര്‍ട്ട് ചെയ്യണം. കൂടാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്ന് പലരുടെ അക്കൗണ്ടുകളിലേക്ക് ആര്‍ ടി ജി എസ് മുഖേന നടക്കുന്ന ഇടപാടുകളും നിരീക്ഷിക്കും. കാഷ് ക്രെഡിറ്റ് അക്കൗണ്ടും ഇടപാടുകളും നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടും. സംശയാസ്പദമെന്ന് ബാങ്കിന് ബോധ്യപ്പെടുന്ന ഏത് ഇടപാടുകളും റിപോര്‍ട്ട് ചെയ്യണം.

Tags:    

Similar News