കൊച്ചിയില്‍ എടിഎമ്മില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്; പ്രതി പിടിയില്‍

Update: 2022-08-26 13:51 GMT

കൊച്ചി: കൊച്ചിയില്‍ എടിഎമ്മില്‍ കൃത്രിമം കാണിച്ച് വ്യാപകമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ നിന്ന് പിടിയിലായത്. തട്ടിപ്പിനുപയോഗിച്ച ഉപകരണവും ഇയാളില്‍ നിന്നും പിടികൂടി. ബാങ്ക് അധികൃതരുടെ പരാതിയില്‍ കളമശ്ശേരി പോലിസാണ് അന്വേഷണം നടത്തിയത്. നേരത്ത ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടിരുന്നു.

എടിഎം മെഷിനില്‍ ഉപകരണം ഘടിപ്പിച്ച് പണം പിന്‍വലിക്കാനെത്തുന്നവര്‍ക്ക് പണം ലഭ്യമാവാത്ത വിധമായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇക്കഴിഞ്ഞ 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രിമിയര്‍ കവലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിമ്മില്‍ നിന്ന് ഏഴ് ഇടപാടുകാര്‍ക്ക് പണം നഷ്ടമായത്. പിന്‍ നമ്പര്‍ അടിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി മസേജ് വരും. എന്നാല്‍, എടിഎമ്മില്‍ നിന്ന് പണം പുറത്തേക്ക് വരില്ല. ചിലര്‍ ഇത് എടിഎം മെഷീനിന്റെ തകരാരാണെന്ന് ധരിച്ച് തിരിച്ചുപോയി. ഈ സമയം പുറത്തുനില്‍ക്കുന്ന തട്ടിപ്പുകാരന്‍ എടിഎമ്മിനുള്ളില്‍ കയറി ഉപകരണം മെഷീനില്‍ നിന്നും മാറ്റി പണം കൈപ്പറ്റും.

നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ഒരാള്‍ ബാങ്ക് അധികൃതരെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. എടിമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. ഒരു എടിഎമ്മില്‍ നിന്ന് 25,000 രൂപയാണ് ഇയാള്‍ കവര്‍ന്നത്. ജില്ലയിലെ 11 സ്ഥലങ്ങളിലെ എടിഎമ്മുകളില്‍ നിന്നും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കളമശേരി, തൃപ്പൂണിത്തുറ, ചേന്ദമംഗലം തുടങ്ങി പല സ്ഥലങ്ങളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്.

Tags:    

Similar News