ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം: സംസ്ഥാന വ്യാപകമായി ബന്ദ് നടത്തി ബീഫ് കച്ചവടക്കാര്‍
പനാജി: ഗോവയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഗോവയിലുടനീളം സംസ്ഥാന വ്യാപകമായി ബന്ദ് നടത്തി ബീഫ് കച്ചവടക്കാര്‍. ചൊവ്വാഴ്ചയും ബന്ദ് തുടരുമെന്ന് അവര്‍ അറിയിച്ചു.
ഖുറൈഷി മീറ്റ് ട്രേഡേഴ്സ് അസോസിയേഷന്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അംഗങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. ''ഒരു ഇറച്ചി വ്യാപാരിയും ബീഫ് വില്‍ക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരണയണ്ട്'' അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ ബേപാരി പറഞ്ഞു .പശു സംരക്ഷക സംഘങ്ങളില്‍ നിന്നുള്ള ആക്രമണം തടയാനുള്ള നടപടികള്‍, സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബീഫ് കച്ചവടക്കാര്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച്ച നടത്തി.
അസോസിയേഷന്‍ ഓഫ് ഓള്‍ ഗോവ മുസ്ലീം ജമാഅത്ത് സാവന്തിന് കത്തെഴുതി. ''ഈ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മതത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത് ഭയാനകവും പതിറ്റാണ്ടുകളായി ഗോവ കാത്തു സൂക്ഷിക്കുന്ന ഐക്യം തകര്‍ക്കുന്നതുമാണ്, ''ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ അഹമ്മദ് ഷെയ്ഖ് പറയുന്നു.
'ഗോപാലകര്‍ പശുക്കളെ ശരിക്കും ശ്രദ്ധിക്കുന്നില്ല. കൊള്ളയടിക്കലാണ് അവര്‍ ജോലി. ഞങ്ങളുടെ കച്ചവടം തുടരാന്‍ അവര്‍ ഞങ്ങളില്‍ നിന്ന് ഹഫ്ത ആവശ്യപ്പെടുന്നു. അവര്‍ നേരത്തെ സംസ്ഥാന അതിര്‍ത്തിയില്‍ വന്ന് ഞങ്ങളെ ഉപദ്രവിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ ഞങ്ങളുടെ കടകളിലേക്ക് വരുന്നു. ഞങ്ങള്‍ നിയമപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ വിസമ്മതിച്ചതാണ് എല്ലാത്തിനും തുടക്കം,''അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷബീര്‍ ഷെയ്ഖ് പറഞ്ഞു.
ഗോവയില്‍ ഉടനീളം ഏകദേശം 75 ബീഫ് വില്‍ക്കുന്ന കടകളുണ്ട്, 250 ഓളം കച്ചവടക്കാരും തൊഴിലാളികളും ഈ കച്ചവടം ചെയ്യുന്നവരാണ്. നിലവില്‍, ഗോവയുടെ പ്രതിദിന ആവശ്യം ഏകദേശം 25 ടണ്‍ ബീഫാണ്. അതില്‍ 10-12 ടണ്‍ അയല്‍ സംസ്ഥാനത്ത് നിന്ന് ഗോവയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച സൗത്ത് ഗോവ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി മാര്‍ക്കറ്റില്‍ ഗോരക്ഷാ ഗുണ്ടകള്‍ ബീഫ് വില്‍പ്പനക്കാരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ബീഫ് ഇറക്കുന്ന വാഹനം തടയുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബീഫ് കച്ചവടക്കാര്‍ക്ക് പരിക്കേറ്റു.