അമ്പൂര്‍ ബിരിയാണി മേളയില്‍നിന്ന് ബീഫും പോര്‍ക്കും ഒഴിവാക്കി: തിരുപത്തൂര്‍ കലക്ടറോട് വിശദീകരണമാരാഞ്ഞ് എസ് സി/ എസ് ടി കമ്മീഷന്‍
തിരുപത്തൂര്‍: ജില്ലാ ഭരണകൂടം സംഘടിപ്പിച്ച അമ്പൂര്‍ ബിരിയാണി മേളയയില്‍നിന്ന് പോര്‍ക്കും ബീഫും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് എസ് സി/ എസ് ടി കമ്മീഷന്‍.
ദലിത്, ആദിവാസി, മുസ് ലിം സമൂഹത്തോടുള്ള വിവേചനമാണ് കലക്ടറുടെ നടപടിയെന്ന് കമ്മീഷന്‍ ആരോപിച്ചു.
ഇന്നു മുതല്‍ മെയ് 15വരെയാണ് അമ്പൂര്‍ ട്രേഡ് സെന്ററില്‍ അമ്പൂര്‍ ബിരിയാണി മേള നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നുള്ള മഴ മൂലം മേള റദ്ദാക്കി.
എന്നാല്‍ മേളില്‍നിന്ന് പോര്‍ക്ക് ബിരിയാണിയും ബീഫ് ബിരിയാണിയും ഒഴിവാക്കിയ നടപടിക്കെതിരേ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പരാതി പുറത്തുവന്നശേഷമാണ് ജില്ലാ കലക്ടര്‍ അമര്‍ സുശ്വാഹയോട് കമ്മീഷന്‍ വിശദീകരണം ചോദിച്ചത്. മേളയില്‍ ബീഫ് ബിരിയാണി പാടില്ലെന്നായിരുന്നു കലക്ടറുടെ ഉത്തരവ്.
''ജില്ലാ ഭരണകൂടത്തിന്റെ തലവനെന്ന നിലയില്‍ നിങ്ങള്‍ അമ്പൂരില്‍ ബിരിയാണി മേള സംഘടിപ്പിച്ച് ബിരായണിയുടെ വിവിധ ഇനങ്ങള്‍ തയ്യാറാക്കി സ്റ്റാളുകളിലൂടെ വില്‍പ്പന നടത്താന്‍ നിശ്ചയിച്ചതായി മനസ്സിലാക്കുന്നു. എന്നാല്‍ മേളയെ സംബന്ധിച്ച പത്രക്കുറിപ്പില്‍, ബീഫ് ബിരിയാണി ഒഴിവാക്കുമെന്ന് നിങ്ങള്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്''- കമ്മീഷന്‍ കലക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ഇത്തരം വിവേചനങ്ങള്‍ തൊട്ടുകൂടായ്മയുടെ ഭാഗമാണെന്നാണ് കമ്മീഷന്‍ വിശദീകരിക്കുന്നത്.