മാധ്യമം റിപ്പോര്‍ട്ടര്‍ക്ക് നേരെ ആക്രമണം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

Update: 2022-08-31 14:08 GMT

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ വച്ച് പത്രറിപ്പോര്‍ട്ടര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി മുഖ്യകവാടത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരും ഒരു സംഘം ആര്‍ക്കാരുമായുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ഷംസുദ്ദീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കവേ ഒരുകൂട്ടം അക്രമികള്‍ ഷംസുദ്ദീനെതിരെ തിരിയുകയായിരുന്നു. കണ്ണട അടിച്ചുപൊട്ടിക്കുകയും കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും അക്രമം തുടര്‍ന്നു. തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സറ്റേഷനിലേക്ക് ഓടിക്കയറിയതിനാലാണ് ഷംസുദ്ദീന്റെ ജീവന്‍ രക്ഷപ്പെട്ടത്. നെഞ്ചിനും വയറിനും മര്‍ദ്ദനമേറ്റ ഷംസുദീന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

പതിനായിരങ്ങളുടെ ആശ്വാസകേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുണ്ടാവിളയാട്ടം നടത്തുന്ന അക്രമികളെ നിലയ്ക്ക് നിര്‍ത്തേണ്ടത് പൊതുജനങ്ങളുടെ കൂടി ആവശ്യമാണ്. ഇത്തരം നിയമലംഘനങ്ങളെ അധികാരികള്‍ക്ക് മുന്നിലെത്തിക്കുക എന്ന കടമ നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന നീക്കം നിലപാട് അത്യന്തം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പോലിസ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാനും സെക്രട്ടറി പി എസ് രാകേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News