തൃണമൂല്‍ നേതാക്കള്‍ക്കെതിരേ ത്രിപുരയില്‍ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് അഭിഷേക് ബാനര്‍ജി
അഗര്‍ത്തല: പശ്ചിമ ബംഗാളിലെ രണ്ട് തൃണമൂല്‍ നേതാക്കള്‍ക്കെതിരേ ത്രിപുരയില്‍ ആക്രമണം. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം തല്ലിത്തകര്‍ത്തു. കല്ലും വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് നേതാക്കള്‍ മൊഴിനല്‍കി. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂലിന്റെ വാദം. തൊട്ടടുത്ത ദിവസം ത്രിപുര സന്ദര്‍ശിക്കുമെന്ന് മമതാ ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി പറഞ്ഞു. ത്രിപുരയിലെ ധലൈ ജില്ലയിലാണ് സംഭവം.
സുദീപ് രഹ, ജയ ദത്ത തുടങ്ങി രണ്ട് പേര്‍ക്കെതിരേയാണ് ആക്രമണം നടന്നത്.
അതേസമയം ആക്രമിക്കാന്‍ തക്കവണ്ണം ത്രിപുരയില്‍ തൃണമൂല്‍ നിര്‍ണായക ശക്തിയല്ലെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
നേതാക്കള്‍ കാറില്‍ ഇരിക്കുന്ന സമയത്താണ് ഏതാനും പേര്‍ സംഘടിച്ച് ഇവര്‍ക്കെതിരേ ആക്രമണം നടത്തിയതെന്ന് തൃണമൂല്‍ വക്താവ് ദെബാംഷു ഭട്ടാചാര്യ ആരോപിച്ചു.
രണ്ട് പേര്‍ക്കെതിരേ ആക്രമണം നടന്നതായി പോലിസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് പോലിസ് ഉറപ്പിട്ടിട്ടില്ല.
ആക്രമണ വാര്‍ത്ത പുറത്തുവന്ന ഉടന്‍ തൃണമൂല്‍ നേതാക്കള്‍ ദേശീയ പാത 8 വളഞ്ഞു. പീന്ന്ീട് പോലിസ് എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവ് വന്നത്.