ഗുവാഹത്തിയില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ തൃണമൂല്‍ പ്രതിഷേധം

Update: 2022-06-23 07:20 GMT

ഗുവാഹത്തി: ഗുവാഹത്തിയില്‍ ശിവസേന വിമത എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിനു മുന്നില്‍ തൃണമൂര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെയാണ് പ്രതിഷേധം തുടങ്ങിയത്.

തൃണമൂല്‍ അസം മേധാവി റിപുന്‍ ബോറയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹോട്ടലിന് സംരക്ഷണം നല്‍കാന്‍ നൂറുകണക്കിന് ്‌പോലിസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.

ഗുവാഹത്തി റാഡിസന്‍ ബ്ലു ഹോട്ടലിലാണ് ഉദ്ദവ് സര്‍ക്കാരിനെതിരേ കലാപക്കൊടിയുയര്‍ത്തിയ വിമത എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടമറിക്കാന്‍ അസമിലെ ബിജെപി സര്‍ക്കാര്‍ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സംസ്ഥാനത്ത് വലിയ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ മഹാരാഷ്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ അസമിലുണ്ടായ പ്രളയത്തില്‍ 55 ലക്ഷം പേരാണ് പ്രളയബാധിതരായിരുന്നത്. 89 പേര്‍ മെയ് മാസത്തിനു ശേഷം മരിക്കുകയും ചെയ്തു.

ഹോട്ടലില്‍ 40 എംഎല്‍എമാരാണ് ഉള്ളത്. അതില്‍ 36 പേരാണ് ശിവസേനക്കാര്‍. കൂറുമാറ്റ നിയമത്തില്‍ കുടുങ്ങാതെ രക്ഷപ്പെടാന്‍ വിമതര്‍ക്ക് 37 അംഗങ്ങള്‍ വേണം. 

Tags:    

Similar News