19ാം സാക്ഷിയും മൊഴി മാറ്റി; അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 19ാം സാക്ഷി കക്കിയും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. ഒരാഴ്ചയ്ക്കിടെ കൂറുമാറുന്ന മൂന്നാമത്തെ സാക്ഷിയാണ് കക്കി. മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടെന്നായിരുന്നു കക്കിയുടെ മൊഴി. എന്നാല്‍, പോലിസ് സമ്മര്‍ദ്ദം മൂലമാണ് ആദ്യം മൊഴി നല്‍കിയതെന്നാണ് കോടതിയില്‍ ഇന്ന് കക്കി അറിയിച്ചത്. വിസ്താരത്തിനിടെയായിരുന്നു മൊഴി മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിസ്താരങ്ങള്‍ക്കിടെ 17ാം സാക്ഷി ജോളി, 18ാം സാക്ഷി കാളി മൂപ്പന്‍ എന്നിവരും പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയിരുന്നു.
കൂറുമാറിയ മുക്കാലി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിലെ അബ്ദുല്‍ റസ്സാഖിനെയും വനം വകുപ്പ് വാച്ചര്‍ അനില്‍കുമാറിനെയും പിരിച്ചുവിട്ടിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്. അതേസമയം, മധു വധക്കേസില്‍ കൂറുമാറിയവര്‍ക്കെതിരേ മധുവിന്റെ അമ്മ മല്ലി കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികള്‍ മൊഴിമാറ്റിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് മല്ലി ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലാണ് മല്ലി പരാതി നല്‍കിയത്.