രണ്ട് ദിവസമായി വെള്ളമില്ല; അട്ടപ്പാടി ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങി

എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ മാത്രമാണ് മുടങ്ങിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം

Update: 2022-07-16 05:04 GMT

അട്ടപ്പാടി:വെള്ളമില്ലാത്തതിനെ തുടര്‍ന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ മുടങ്ങി. മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പത്ത് രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.

അട്ടപ്പാടിയിലെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമായ കോട്ടത്തറ ആശുപത്രിയില്‍ വെള്ളമില്ലാതായിട്ട് രണ്ടു ദിവസമായി.അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. വെള്ളം മുടങ്ങാന്‍ കാരണം മോട്ടോറില്‍ ചളി അടിഞ്ഞത് മൂലമെന്നാണ് അധികൃതരുടെ വിശദീകരണം.ശസ്ത്രക്രിയ മുടങ്ങിയതോടെ, ഇതിനായി പാലക്കാട് ജില്ലാ ആശുപത്രിയെയോ, മണ്ണാര്‍ക്കാട്ടെ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുരമിറങ്ങി ഈ രണ്ടിടത്തും എത്താന്‍ സമയമെടുക്കും എന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകും.എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടെന്നും അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ മാത്രമാണ് മുടങ്ങിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

ഇതിനിടെ ശസ്ത്രക്രിയകള്‍ മുടങ്ങിയ വിഷയം വിവാദമായതോടെ മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടു. ആരോഗ്യം വൈദ്യുതി മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെഎസ്ഇബി പറഞ്ഞു. കുടിവെള്ള വിതരണം പത്ത് മണിയോടെ സാധാരണ നിലയിലാകും.അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങില്ലെന്നും ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ആശുപത്രിയിലെ കാന്റീന്‍ വിറക് കുടിശ്ശികയുടെ പേരില്‍ അടച്ചുപൂട്ടിയിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീന്‍ ഉണ്ടെങ്കിലും റേഡിയോളജിസ്റ്റ് ഇല്ല. 35 ലക്ഷത്തിന്റെ കുടിശ്ശികയുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ താമസിക്കുന്ന ഡോര്‍മിറ്ററിയിലേക്കുള്ള കണക്ഷന്‍ നിഷേധിച്ചിരുന്നു.ഇത്തരത്തില്‍ നിരവധി അന്സ്ഥകള്‍ അട്ടപ്പാടി ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ഉണ്ടായിട്ടുണ്ട്.




-













Tags:    

Similar News