കൈവിരലിനു പകരം കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ; ചികില്‍സാപ്പിഴവ് സമ്മതിച്ച് ഡോക്ടര്‍

Update: 2024-05-16 11:23 GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൈവിരലിനു ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്‌തെന്ന പരാതിയില്‍ ചികില്‍സാപിഴവ് സമ്മതിച്ച് ഡോക്ടര്‍. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ നാല് വയസ്സുകാരിയായ മകള്‍ക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ കുടുംബം ചികില്‍സാപ്പിഴവ് മനസ്സിലാക്കിയതോടെയാണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം സൂപ്രണ്ടിന് പരാതി നല്‍കിയതോടെ ഡോക്ടര്‍ മാപ്പ് പറയുകയും പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയുമായിരുന്നു. പിഴവ് സമ്മതിച്ച്

    മെഡിക്കല്‍ സൂപ്രണ്ടിന് ഡോക്ടര്‍ കുറിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ കുറിപ്പില്‍ പറയുന്നത്. നാല് വയസ്സുകാരിയുടെ ആറാം വിരല്‍ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് പകരം കുഞ്ഞിന്റെ നാക്കിനാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി സമരം തുടരുന്നതിനിടെയാണ് വീണ്ടും ചികില്‍സാപ്പിഴവ് പുറത്തുവരുന്നത്. അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് യൂത്ത് ലീഗും എസ് ഡിപി ഐയും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News