പിആര്‍ഡിയില്‍ പിന്‍വാതില്‍ നിയമനത്തിന് ശ്രമം; ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കുന്നത് ലാസ്റ്റ്‌ഗ്രേഡ് ജിവനക്കാരെ
കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നു. ഈ തസ്തികയിലേക്ക് പിഎസ്‌സി പരീക്ഷയെഴുതി അനേകം പേര്‍ ഫലം കാത്ത് നില്‍ക്കുമ്പോഴാണ് ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലെ ചിലരെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.
മാധ്യമപ്രവര്‍ത്തന പരിചയവും യോഗ്യതയും ആവശ്യമുള്ള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് ഇതൊന്നുമില്ലാത്ത ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ തിരുകിക്കയറ്റാനാണ് നീക്കം.ബിരുദവും രണ്ടു വര്‍ഷം മാധ്യമ രംഗത്തെ പൂര്‍ണ സമയ പ്രവര്‍ത്തന പരിചയവുമാണ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാവാന്‍ വേണ്ട യോഗ്യത. പിഎസ്‌സി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പിന്‍വാതില്‍ നിയമനത്തിനുള്ള ശ്‌രമം ശക്തമാക്കിയത്.
പിആര്‍ഡിയിലെ സ്വീപ്പര്‍ ഉള്‍പ്പടെ തസ്തികയിലുള്ള ബിരുദം യോഗ്യതയുള്ളവരെയാണ് സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തി തസ്തിക മാറ്റംവഴി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കാന്‍ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. 2019 മാര്‍ച്ചില്‍ അന്നത്തെ പിആര്‍ഡി ഡയറക്ടറായിരുന്ന ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.