യുപിയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമം തടഞ്ഞു; പ്രിയങ്കാ ഗാന്ധിയെ പോലിസ് കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: യുപിയില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ ശ്രമം പോലിസ് തടഞ്ഞു. ഈ മാസം ഇത് രണ്ടാം തവണയാണ് ഇരകളുടെ വീട് സന്ദര്‍ശിക്കാനുള്ള പ്രിയങ്കയുടെ ശ്രമത്തെ പോലിസ് തടയുന്നത്. ലഖ്‌നോ പോലിസ് ലെയ്‌നിലേക്ക് പ്രിയങ്കയെ മാറ്റി. ആഗ്രയില്‍ വച്ചാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്.
ലഖ്‌നോ-ആഗ്ര എക്‌സ്പ്രസ് വേയില്‍ ആദ്യ ടോളില്‍ വച്ചാണ് പ്രിയങ്കയുടെ കാര്‍ പോലിസ് തടഞ്ഞത്.
''ഞാന്‍ എന്റെ വീട്ടിലാണെങ്കില്‍ കുഴപ്പമില്ല, എന്റെ ഓഫിസിലേക്കുള്ള യാത്രയിലാണെങ്കിലും കുഴപ്പമില്ല. പക്ഷേ, ഞാന്‍ മറ്റെവിടേക്കെങ്കിലും പോകുകയാണെങ്കില്‍ അവര്‍ ഈ തമാശ പുറത്തെടുക്കും. എന്തുകൊണ്ട്? അവസാനം ഞാന്‍ ആ കുടുംബത്തെ കാണും. ഇത് അപഹാസ്യമാണ്... ജനങ്ങള്‍ സഹിക്കുകയാണ്. ഗതാഗതത്തിരക്ക് നോക്കുക''- കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പ്രിയങ്ക പറഞ്ഞു.
രാജ്യത്തെവിയേയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള തന്റെ ഭരണഘടനാപരമായ അവകാശമാണ് തടയപ്പെടുന്നതെന്ന് പ്രിയങ്ക പറഞ്ഞു. എപ്പോള്‍ സ്വതന്ത്രയായാലും താന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണുമെന്ന് പ്രിയങ്ക പറഞ്ഞു. എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നതെന്ന് ഈ മാസമദ്യം സമാനമായ അനുഭവമുണ്ടായപ്പോള്‍ പ്രിയങ്ക ട്വീറ്റ് ചെയ്തു.
''അരുണ്‍ വാല്‍മീകി കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി വേണം. ഞാനാ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. എന്തിനാണ് യുപി സര്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നത്? എന്നെ എന്തിന് തടയണം? ഇന്ന് വാല്‍മീകി ജയന്തിയാണ്. പ്രധാനമന്ത്രി ബുദ്ധനെക്കുറിച്ച് പറഞ്ഞു. പക്ഷേ, അദ്ദേഹം ബുദ്ധന്റെ സന്ദേശത്തെയാണ് തകര്‍ക്കുന്നത്''- പ്രിയങ്ക ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ആഗ്ര ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്ന് യുപി പോലിസ് അറിയിച്ചു. ക്രമസമാധാനപ്രശ്‌നമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.