ഔറംഗാബാദിന്റെ പുനര്‍നാമകരണം: കോണ്‍ഗ്രസിന്റെ എതിര്‍പ്പ് സഖ്യത്തെ ബാധിക്കില്ലെന്ന് ശിവസേന

സ്ഥലങ്ങളുടെ പേര് മാറ്റുന്നത് മൂന്ന് ഭരണകക്ഷികളുടെ കോമണ്‍ മിനിമം പ്രോഗ്രാമിന്റെ (സിഎംപി) ഭാഗമല്ലെന്നും പേരുമാറ്റാനുള്ള നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും വ്യാഴാഴ്ചയാണ് തോറാത്ത് പറഞ്ഞത്.

Update: 2021-01-02 17:20 GMT

മുംബൈ: ഔറംഗാബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ശിവസേനയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിപാട് മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ ബാധിക്കില്ലെന്ന് ശിവസേന. ഔറംഗാബാദിന്റെ പേര് മാറ്റുന്ന ഏതൊരു നിര്‍ദ്ദേശത്തെയും തങ്ങളുടെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി ബാലസഹാഹെബ് തോറാത്ത് പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് സംസ്ഥാനത്തെ എംവിഎ സര്‍ക്കാരിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയത്.


മഹാ വികാസ് അഘാദി (എംവിഎ) സഖ്യകക്ഷികളായ സേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ ഒരുമിച്ച് ഇരുന്നു സംസാരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും റാവത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥലങ്ങളുടെ പേര് മാറ്റുന്നത് മൂന്ന് ഭരണകക്ഷികളുടെ കോമണ്‍ മിനിമം പ്രോഗ്രാമിന്റെ (സിഎംപി) ഭാഗമല്ലെന്നും പേരുമാറ്റാനുള്ള നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും വ്യാഴാഴ്ചയാണ് തോറാത്ത് പറഞ്ഞത്.


അതേസമയം, ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ആദ്യം ആവശ്യപ്പെട്ടത് ശിവസേനയാണ്. സര്‍ക്കാര്‍ രേഖകളില്‍ പേര് മാറ്റിയിട്ടില്ലെങ്കിലും, ശിവസേന മേധാവി ബാല്‍ താക്കറെ ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇനി അത് കടലാസില്‍ മാത്രമാണ് മാറ്റാനുള്ളതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്രാ കോണ്‍ഗ്രസ്.

Tags:    

Similar News