കാന്‍ബെറ: സേന പിന്‍മാറ്റത്തിന്റെ മുന്നോടിയായി ആസ്‌ത്രേലിയ അഫ്ഗാനിസ്താനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടും. സേനാ പിന്‍മാറ്റം പൂര്‍ത്തിയാവുന്നതിനു മൂന്ന് ദിവസം മുമ്പാണ് എംബസി അടച്ചുപൂട്ടുകയെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. സൈന്യം രാജ്യം വിടുന്ന സാഹചര്യത്തിലാണ് നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം പിന്‍മാറ്റം താല്‍ക്കാലികമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി മറൈസ് പെയെനെയും ചേര്‍ന്ന് ഇതുസംബന്ധിച്ച ഒരു സംയുക്ത പ്രസ്താവനയും തയ്യാറാക്കിയിട്ടുണ്ട്.
2006നു ശേഷമാണ് ആസ്‌ത്രേലിയ കാബൂളില്‍ എംബസി തുറന്നത്. പുതിയ തീരുമാനമനുസരിച്ച് മെയ് 28ന് എംബസി അടയ്ക്കും. അതേസമയം അഫ്ഗാനിസ്താനിലെ റെസിഡന്‍ഷ്യല്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എംബസി സന്ദര്‍ശിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജോ ബൈഡന്‍ സേനാ പിന്‍മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശേഷിക്കുന്ന 80 ആസ്‌ത്രേലിയന്‍ സേനയും അഫ്ഗാന്‍ വിടുമെന്ന് പ്രധാമന്ത്രി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
സെപ്തംബര്‍ 2021നാണ് യുഎസ് തങ്ങളുടെ സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കുക.