ആസ്‌ത്രേലിയയുടെ കറന്‍സിയില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം ഒഴിവാക്കുന്നു
സിഡ്‌നി: ആസ്‌ത്രേലിയയുടെ അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്നും എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഒഴിവാക്കും. ആസ്‌ത്രേലിയയുടെ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി പുതിയ രൂപകല്‍പന നല്‍കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റുമായുള്ള കൂടിയാലോചനയെ തുടര്‍ന്നാണ് തീരുമാനമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ആസ്‌ത്രേലിയ പ്രസ്താവനയില്‍ അറിയിച്ചു.
നോട്ടിന്റെ മറുവശം പഴയതുപോലെ തന്നെ ആസ്‌ത്രേലിയന്‍ പാര്‍ലമെന്റിന്റെ ചിത്രമായിരിക്കും. ആസ്‌ത്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായിട്ടായിരുന്നു അവരുടെ ചിത്രം അഞ്ച് ഡോളര്‍ നോട്ടുകളില്‍ ആലേഖനം ചെയ്തത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം രാജാവായി അധികാരമേറ്റ ചാള്‍സ് മൂന്നാമന്‍ രാജാവ്, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, യുനൈറ്റഡ് കിങ്ഡത്തിന് പുറത്തുള്ള മറ്റ് 12 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രത്തലവനാണ്.
അതേസമയം, എലിസബത്തിന്റെ മരണത്തോടെ ആസ്‌ത്രേലിയയെ ബ്രിട്ടീഷ് രാജഭരണത്തിനു കീഴിലുള്ള രാജ്യമെന്ന പദവിയില്‍നിന്ന് മുക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ആസ്‌ത്രേലിയന്‍ എംപിമാര്‍ പുതിയ ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചപ്പോഴും ആസ്‌ത്രേലിയന്‍ റിപബ്ലിക് എന്ന ആവശ്യമുയര്‍ന്നിരുന്നു. രാജ്യത്തലവനായി ആസ്‌ത്രേലിയന്‍ പ്രസിഡന്റ് വേണമെന്നാണ് രാജ്യത്തെ മധ്യ ഇടതുസര്‍ക്കാരിന്റെ നിലപാട്. അതേസമയം, പാപ്പുവ ഗിനിയയില്‍ ചാള്‍സ് മൂന്നാമനെ രാജ്യത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കറന്‍സിയില്‍ എലിസബത്ത് രാജ്ഞിക്കുപകരം ചാള്‍സ് രാജാവിന്റെ ചിത്രം വയ്ക്കില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.