യൂറോയില്‍ പോളണ്ടിനെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രിയ; സ്ലൊവാക്കിയയെ വീഴ്ത്തി ഉക്രെയ്ന്‍
ബെര്‍ലിന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡി യില്‍ പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്ത് ഓസ്ട്രിയ. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ നേടി പിരിഞ്ഞ ശേഷം രണ്ടാം പകുതിയിലാണ് വിജയഗോളുകള്‍ വന്നത്. ഓസ്ട്രിയക്കായി ഗ്യാനോത് ത്രൗണര്‍, ക്രിസ്റ്റഫര്‍ ബോംഗാര്‍ട്ട്നര്‍, മാര്‍സല്‍ സബിറ്റ്സര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ പോളണ്ടിനായി ക്രിസിസ്റ്റസ് പിയോടെക്ക് ആശ്വാസ ഗോള്‍ കണ്ടെത്തി.കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെ വിറപ്പിച്ചെത്തിയ ഓസ്ട്രിയ, പോളണ്ടിനെയും വെള്ളം കുടിപ്പിച്ചു. ഒന്‍പതാം മിനിറ്റില്‍ ഗ്യാനോത് ത്രൗണറിന്റെ ഹെഡര്‍ ഗോളിലൂടെ ഓസ്ട്രിയ മുന്നിലെത്തി. ഓസ്ട്രിയക്ക് അനുകൂലമായി ലഭിച്ച ത്രോയില്‍നിന്നാണ് ഗോള്‍ പിറന്നത്. ഫിലിപ് മ്വെനെ നല്‍കിയ ത്രോ, പോളണ്ട് പ്രതിരോധത്തില്‍ തട്ടി തിരികെ മ്വെനയില്‍ത്തന്നെയെത്തി. തുടര്‍ന്ന് ബോക്‌സിനകത്തുണ്ടായിരുന്ന ഗ്യാനോത്തിന് പന്ത് കൈമാറുകയും മികച്ച ഹെഡറിലൂടെ അത്‌ഗോളാക്കി മാറ്റുകയും ചെയ്തു. പന്തിനായി പോളണ്ട് ഗോള്‍ക്കീപ്പര്‍ വോയ്‌സിയെച് ഷെസ്‌നി ഉയര്‍ന്നു ചാടിയെങ്കിലും ഫലവത്തായില്ല. (1-0).
ഓസ്ട്രിയയുടെ ആധിപത്യത്തിന് പൂട്ടിട്ട് 30-ാം മിനിറ്റില്‍ പോളണ്ടിന്റെ മറുപടി ഗോള്‍ വന്നു. എതിര്‍ ബോക്‌സിനകത്ത് പോളണ്ടിനു ലഭിച്ച പന്ത് പ്രതിരോധിക്കാന്‍ ഓസ്ട്രിയന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. സ്‌ട്രൈക്കര്‍ ക്രിസിസ്റ്റഫ് പിയോടെക്കിന്റെ വകയായിരുന്നു ഗോള്‍. ലെവന്‍ഡോവ്‌സ്‌കിയുടെ അഭാവത്തില്‍ കളിക്കുന്ന താരം നിര്‍ണായക സമയത്ത് ടീമിന്റെ മുതല്‍ക്കൂട്ടായി (1-1).
67ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ബോംഗാര്‍ട്ട്‌നര്‍ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചു. ഇടതുവിങ്ങില്‍നിന്ന് പകരക്കാരനായെത്തിയ അലക്‌സാണ്ടര്‍ പ്രാസിന്റെ പാസ് നേരെ ബോംഗാര്‍ട്ട്‌നറുടെ കാലിലേക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു ബോംഗാര്‍ട്ട്‌നര്‍ പ്രതിരോധപ്പൂട്ട് വീഴുന്നതിനു മുന്നെത്തന്നെ പന്ത് വലയിലെത്തിച്ചു. ഓസ്ട്രിയയുടെ ഭാഗത്തുനിന്നുണ്ടായ മികച്ച നീക്കത്തിലൂടെയാണ് ഈ ഗോള്‍ സാധ്യമായത് (2-1).
പത്ത് മിനിറ്റു കഴിഞ്ഞതോടെ ഓസ്ട്രിയ വീണ്ടും ഗോള്‍ നേടി. പോളിഷ് പ്രതിരോധത്തെ മറികടന്ന് മാര്‍സല്‍ സബിറ്റ്‌സര്‍ നടത്തിയ നീക്കം പോളിഷ് കീപ്പര്‍ ഷെസ്‌നി തടയാന്‍ ശ്രമിച്ചതോടെ സബിറ്റ്‌സര്‍ വീണു. ഇതോടെ റഫറി ഷെസ്‌നിക്ക് മഞ്ഞക്കാര്‍ഡും പെനാല്‍റ്റിയും അനുവദിച്ചു. കിക്കെടുത്ത മാര്‍ക്കോ അര്‍നോട്ടോവിച്ച് പിഴവില്ലാതെ പന്ത് വലയുടെ വലതുമൂലയിലെത്തിച്ചു (3-1).
കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെ വിറപ്പിച്ചാണ് ഓസ്ട്രിയ രണ്ടാം മത്സരത്തിനെത്തിയത്. ഓണ്‍ ഗോളിലാണ് ഫ്രാന്‍സിനോട് തോല്‍വിയേറ്റുവാങ്ങിയത്. ബോള്‍ പൊസഷനിലടക്കം ഓസ്ട്രിയയായിരുന്നു മുന്നില്‍. വെള്ളിയാഴ്ച ഓസ്ട്രിയയുടെ നിരന്തരമായ ആക്രമണത്തില്‍ പോളണ്ടിന് പലപ്പോഴും നില്‍ക്കക്കള്ളിയില്ലാതായി. ഗോളി ഷെസ്‌നെയുടെ ചില മികച്ച നീക്കങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പോളണ്ട് വലയില്‍ ഇതിലും കൂടുതല്‍ ഗോളുകള്‍ നിറഞ്ഞേനെ. അതേസമയം പോളണ്ടിന്റെ മുന്നേറ്റങ്ങളും പലവുരു കണ്ടു.അതിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അവസാന 30 മിനിറ്റില്‍ ഇറങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. വലിയ ആരവത്തോടെയാണ് ഗാലറി ലെവന്‍ഡോവ്‌സ്‌കിയെ വരവേറ്റത്.ഗ്രൗണ്ടിലെത്തി അഞ്ച് മിനിറ്റിനകംതന്നെ മഞ്ഞക്കാര്‍ഡ് വാങ്ങി. ഉയര്‍ന്നുവന്ന പന്ത് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ ഫിലിപ്പ് ലെന്‍ഹാര്‍ട്ടിന്റെ തോളില്‍ കൈമുട്ട് തട്ടിയതാണ് ലെവന്‍ഡോവ്‌സ്‌കിക്ക് വിനയായത്. ആദം ബുക്‌സയ്ക്ക് പകരമായാണ് ലെവ എത്തിയത്. ഗോള്‍ നേടിയ ക്രിസിസ്റ്റഫ് പിയോടെക്കിനെ വലിച്ച് സ്വിഡേഴ്‌സ്‌കിയെയും ഇറക്കി. പക്ഷേ, രണ്ട് സ്‌ട്രൈക്കര്‍മാരെ നീക്കിയുള്ള പോളണ്ടിന്റെ പരീക്ഷണം പാളി.
മറ്റൊരു മല്‍സരത്തില്‍ സ്ലൊവാക്കിയയെ ഉക്രെയ്ന്‍ പരാജയപ്പെടുത്തി. ബെല്‍ജിയത്തെ തോല്‍പ്പിച്ചെത്തിയ ടീമെന്ന ബഹുമാനമൊന്നും യുക്രൈന്‍, സ്ലൊവാക്യക്ക് നല്‍കിയിരുന്നില്ല. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം, രണ്ടാംപകുതിയില്‍ രണ്ട് ഗോളടിച്ച് യുക്രൈന്‍ സ്ലൊവാക്യയെ തകര്‍ത്തു. മിക്കോള ഷപാരെങ്കോ, റൊമാന്‍ യാറെംചുക് എന്നിവരാണ് യുക്രൈനായി ഗോള്‍ നേടിയത്. സ്ലൊവാക്യയെ ഇവാന്‍ സ്‌ക്രാന്‍സ് ആദ്യപകുതിയില്‍ മുന്നിലെത്തിച്ചിരുന്നു.
17-ാം മിനിറ്റില്‍ മുന്നേറ്റതാരം ഇവാന്‍ സ്‌ക്രാന്‍സിന്റെ ഗോളില്‍ സ്ലൊവാക്യ മുന്നിലെത്തി. ലുക്കാസ് ഹറാസ്ലിന്‍ ബോക്സിനകത്തുവെച്ച് വലതുവശത്തേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസ് സ്‌ക്രാന്‍സ് തലയിലേക്കെടുത്തശേഷം വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു(10). യുക്രൈന്‍ ഗോള്‍ക്കീപ്പര്‍ പ്രതിരോധശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
രണ്ടാം പകുതിയിലെ 53-ാം മിനിറ്റില്‍ യുക്രൈന്റെ മറുപടിയെത്തി. സ്ലൊവേക്യന്‍ പ്രതിരോധത്തെ ഒന്നടങ്കം കബളിപ്പിച്ചുകൊണ്ടുള്ള കൂട്ടായ പ്രയത്നത്തിന്റെ ഫലമായി പിറന്ന ഗോളായിരുന്നു അത്. മിക്കോള ഷപാരെങ്കോ ബോക്സിന്റെ നടുവില്‍നിന്ന് ഇടംകാലുകൊണ്ട് പന്ത് വലയിലേക്ക് ഉതിര്‍ത്തുവിട്ടു (11). ഒലക്സാണ്ടര്‍ സിന്‍ചെങ്കോയുടേതായിരുന്നു അസിസ്റ്റ്.
79-ാം മിനിറ്റില്‍ യുക്രൈന്‍ ലീഡ് നേടി. സ്ട്രൈക്കര്‍ റൊമാന്‍ യാറെംചുക് ആണ് ഗോള്‍ നേടിയത്. മിക്കോള ഷപാരെങ്കോ ബോക്സിനകത്തേക്ക് നീട്ടിനല്‍കിയ പന്ത് സ്ലൊവേക്യന്‍ ഗോള്‍ക്കീപ്പര്‍ കൈവശപ്പെടുത്തുംമുന്‍പ് യാറെംചുക് ബോക്സിനകത്തേക്ക് പായിച്ചു (21). സ്ലൊവേക്യയുടെ പ്രതിരോധ നിരയെ മറികടന്ന് മികച്ച റണ്ണിങ് നടത്തിയാണ് യാറെംചുക് ആ പന്തിലേക്കെത്തിയത്.
ആദ്യമത്സരത്തില്‍ ബെല്‍ജിയത്തെ തകര്‍ത്തെത്തിയ (10) സ്ലൊവാക്യക്ക്, യുക്രൈനെതിരേ ജയം മതിയായിരുന്നു നോക്കൗട്ട് ഉറപ്പിക്കാന്‍. യുക്രൈന്‍ റൊമാനിയയോട് 3-0ന് പരാജയപ്പെട്ട ശേഷമാണ് രണ്ടാം മത്സരത്തിനെത്തിയത്. ഇതോടെ ഇ ഗ്രൂപ്പില്‍ നോക്കൗട്ട് പോരാട്ടം കടുത്തു. റൊമാനിയയും യുക്രൈനും സ്ലൊവാക്യയും ഓരോ മത്സരം ജയിച്ചു. ഒരു കളിയില്‍നിന്ന് ഒരു തോല്‍വിയോടെ ബെല്‍ജിയം നാലാമതാണ്. യുക്രൈനും സ്ലൊവാക്യക്കും അടുത്ത മത്സരം നിര്‍ണായകമാകും.