''ഓട്ടോറിക്ഷാ ചാര്‍ജ് പുതുക്കി നിശ്ചയിക്കുക'': കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളി നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്
കോഴിക്കോട്: ഓട്ടോറിക്ഷാ ചാര്‍ജ് പുതുക്കി നിശ്ചയിക്കുക, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തേക്ക് കടന്നു. സമരത്തില്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
തെല്‍ഹത്ത് വെള്ളയില്‍, അനീഷ് വെള്ളയില്‍ എന്നീ തൊഴിലാളികള്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരത്തിലാണ്. വിവിധ യൂനിയനുകളുടെ ഏകോപന സമിതിയായ സി.സി. ഓട്ടോ സംരക്ഷണ മുന്നണിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
''കൊവിഡ് വ്യാപനം സൃഷ്ടിച്ച ദുരിതങ്ങളെ തുടര്‍ന്ന് തൊഴില്‍ പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷാ മേഖലയെ കൂടുതല്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കോഴിക്കോട് നഗരത്തില്‍ 3,000 ഓട്ടോറിക്ഷകള്‍ക്ക് കൂടി പെര്‍മിറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ തൊഴിലെടുക്കുന്നവരെയും പുതുതായി വരുന്നവരേയും ഒരു പോലെ ദുരിതത്തിലാക്കും. നേരത്തെയുള്ള തൊഴില്‍ ലഭ്യത പകുതിയില്‍ താഴെയായി തകര്‍ന്നു കിടക്കുകയാണിപ്പോള്‍ തന്നെ. പരിസ്ഥിതി സൗഹാര്‍ദവാഹനങ്ങളിലേക്ക് മാറുന്നതിന് ഇലക്ട്രിക് ഓട്ടോകള്‍ക്ക് വഴി തുറക്കാനാണിത് എന്നാണ് പറയുന്നത്. നിലവിലുള്ള തൊഴിലാളികള്‍ക്ക് ഇ ഓട്ടോയിലേക്ക് മാറുന്നതിനുള്ള സൗകര്യവും സാമ്പത്തിക സഹായവും സര്‍ക്കാര്‍ തന്നെ നല്‍കണം. അല്ലാതെ തൊഴിലെടുത്തു ജീവിക്കുന്ന മനുഷ്യരെ ആത്മഹത്യയിലേക്കും പട്ടിണി മരണത്തിലേക്കും നയിക്കുന്ന നയങ്ങള്‍ നടപ്പാക്കുകയല്ല വേണ്ടത്. പാരിസ്ഥിതിക സൗഹൃദ വാഹനങ്ങള്‍ക്ക് ഓട്ടോറിക്ഷാ തൊഴിലാളികള്‍ എതിരല്ല. പക്ഷെ, അത് ആദ്യം സര്‍ക്കാര്‍ വാഹനങ്ങളിലും നഗരത്തില്‍ വരുന്ന സ്വകാര്യ ആഡംബര വാഹനങ്ങളിലും പരീക്ഷിക്കുകയാണ് വേണ്ടത്''- തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി. ഇ ഫീഡര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വരുന്ന യാത്രക്കാരുടെ തുടര്‍ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. അതോടെ ഓട്ടോറിക്ഷാ മേഖല പൂര്‍ണമായും തകര്‍ക്കപ്പെടുമെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഓട്ടോറിക്ഷാ ചാര്‍ജ് പുതുക്കി നിശ്ചയിച്ചിട്ട്. അതിനിടയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വില പല മടങ്ങ് വര്‍ധിച്ചു. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും ദുരിതങ്ങള്‍ അനുഭവിക്കുന്നവരുമായ നൂറുകണക്കിന് ഓട്ടോ തൊഴിലാളികളുണ്ട്. അവര്‍ക്ക് നഷ്ടപരിഹാരങ്ങള്‍ നല്‍കിയില്ല എന്നു മാത്രമല്ല ഈ കാലത്തെടാക്‌സില്‍ ഒരു വിട്ടു വിഴ്ചയും സര്‍ക്കാര്‍ നല്‍കിയിട്ടല്ല. എല്ലാ നിലയിലും ദുരിതക്കയത്തിലാണ് ഓട്ടോ തൊഴിലാളികള്‍. മറ്റൊരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിലാണ് ഈ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയതെന്നും നേതാക്കള്‍ പറഞ്ഞു.