കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു
തേക്കുപന ഊരിലെ പണലി, പാപ്പ, കവിത എന്നിവര്‍ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയില്‍ ഊരിലേക്ക് വരുമ്പോഴാണ് കാട്ടനയുടെ മുമ്പില്‍പ്പെട്ടത്.
അഗളി: പാലൂര്‍ തേക്കുവട്ടയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. തേക്കുപന ഊരിലെ പണലി, പാപ്പ, കവിത എന്നിവര്‍ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയില്‍ ഊരിലേക്ക് വരുമ്പോഴാണ് കാട്ടനയുടെ മുമ്പില്‍പ്പെട്ടത്. കാട്ടാന റോഡിലിറങ്ങിയവിവരം പ്രദേശവാസിയായ മദനെ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചിരുന്നു. ഓട്ടോറിക്ഷയിലെ യാത്രക്കാരെ കാട്ടാനവരുന്ന വിവരം അറിയിക്കാനായി റോഡിലിറങ്ങിയ മദന്‍ യാത്രക്കാരെയെല്ലാം പുറത്തിറക്കി അടുത്തുള്ള വൈദ്യുതവേലിയുള്ള കൃഷിസ്ഥലത്തേക്ക് മാറ്റി.
റോഡിലൂടെയെത്തിയ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തതിനുശേഷം തോട്ടില്‍ വെള്ളംകുടിക്കനായി പോയി. പിന്നീട് ഇതുവഴിവന്ന നാല് വാഹനങ്ങളും കാട്ടാന തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് കാട്ടാനയെ തുരത്താനെത്തിയ വനംവകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡിനെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചു. അട്ടപ്പാടി റേഞ്ച് ഓഫിസര്‍ എന്‍ സുബൈര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളും ഊരുനിവാസികളുമായി ചര്‍ച്ചനടത്തി.
ബൊമ്മിയാംപടി ക്യാംപ് ഷെഡ്ഡിലെ വനംവകുപ്പ് ജീവനക്കാരെയും പ്രദേശവാസികളെയും ചേര്‍ത്ത് പത്തംഗ സംഘത്തെ ആനകളെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇവര്‍ ജനവാസമേഖലയിലെത്തുന്ന കാട്ടാനകളെ കാടുകയറ്റും. ഈ തീരുമാനത്തിനുശേഷമാണ് പ്രദേശവാസികള്‍ എലിഫന്റ് സ്‌ക്വാഡിലുള്ളവരെ പോകാന്‍ അനുവദിച്ചത്.