ബാബറി മസ്ജിദ് ധ്വംസനം: അദ്വാനിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരായ കേസില്‍ സെപ്റ്റംബര്‍ 30നകം വിധി പറയണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ പ്രതികളായ ബാബറി മസ്ജിദ് ധ്വംസനക്കേസില്‍ വിധി പറയാനുള്ള ദിവസം ഒരു മാസം കൂടി നീട്ടിനല്‍കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. സുപ്രിംകോടതിയിലെ ജഡ്ജുമാരായ രോഹിന്‍ടണ്‍ എഫ് നരിമാന്‍, നവിന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി തുടങ്ങിയവര്‍ അംഗങ്ങളായ ബെഞ്ചാണ് സിബിഐ പ്രത്യേക ജഡ്ജിക്ക് വിധി പറയുന്നതിനുളള സമയം സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കിയത്. നേരത്തെ ഇത് ആഗസ്റ്റ് 31 ആയിരുന്നു.
കേസ് കേള്‍ക്കുന്ന സിബിഐ പ്രത്യേക ജഡ്ജ് സുരേന്ദ്ര കുമാര്‍ യാദവ് കേസ് അവസാനിപ്പിച്ച് അവസാധ വിധി പറയുന്ന സമയം നീട്ടിനല്‍കാന്‍ സുപ്രിംകോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അപേക്ഷ പരിഗണിച്ചാണ് ഒരു മാസം കൂടി നീട്ടിനല്‍കാന്‍ തീരുമാനിച്ചത്. ഈ സമയത്തിനുള്ളില്‍ മുഴുവന്‍ കോടതി നടപടികളും പൂര്‍ത്തിയാക്കി അവസാന വിധി പറയണമെന്ന് പരമോന്നത കോടതി നിര്‍ദേശം നല്‍കി.
1992 ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുക(ഐപിസി 153എ), രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുക(ഐപിസി 153ബി)തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.
2017 ഏപ്രില്‍ 19ന് സുപ്രിംകോടതി അനുച്ഛേദം 142 പ്രകാരം കേസ് പരിഗണിക്കുന്ന സെഷന്‍സ് കോടതിക്ക് രണ്ട് വര്‍ഷത്തിനകം കേസ് തീര്‍പ്പാക്കന്‍ നിര്‍ദേശം നല്‍കി. കേസ് പരിഗണിച്ചിരുന്ന റെയ്ബറേലിയിലെ സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്ിന്റെ കോടതിയില്‍ നിന്ന് കേസ് ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസ് കേട്ടുകൊണ്ടിരിക്കുന്ന ലഖ്‌നോവിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ കോടതിയിലേക്ക് മാറ്റി. കേസുകള്‍ എല്ലാം ഒരുമിച്ച് കേള്‍ക്കാന്‍ ആവശ്യപ്പെട്ടു.
പക്ഷേ, രണ്ട് വര്‍ഷത്തിനകം കോടതി നടപടികള്‍ പൂര്‍ത്തിയായില്ല. 2019 ജൂലൈയില്‍ സിബിഐ പ്രത്യേക കോടതിയോട് ഒമ്പത് മാസത്തിനകം വിധി പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഈ സമയം വീണ്ടും നീട്ടി നല്‍കാന്‍ പ്രത്യേക കോടതി പല തവണ അപേക്ഷയയച്ചു. വീഡിയോ കോണ്‍ഫ്രന്‍സ് അടക്കം എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് കോടതി നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. അവസാനം നല്‍കിയ ആഗസ്റ്റ് 31 സമയപരിധിയാണ് ഇപ്പോള്‍ വീണ്ടും സെപ്റ്റംബര്‍ 30ലേക്ക് മാറ്റിയിരിക്കുന്നത്.