ബദൗന്‍ കൂട്ട ബലാല്‍സംഗം: ദേശീയ വനിതാ കമ്മീഷന്‍ അംഗത്തിന്റെ പരാമര്‍ശത്തിനെതിരേ പ്രിയങ്കാ ഗാന്ധി

Update: 2021-01-08 11:10 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബദൗനില്‍ 50 വയസ്സുള്ള സ്ത്രീയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീവിരുദ്ധപരാമര്‍ശവുമായി രംഗത്തെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അംഗത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് പ്രയിങ്കാ ഗാന്ധി വാദ്ര. സ്ത്രീവരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീകളുടെ സുരക്ഷ എങ്ങനെയാണ് ഉറപ്പുവരുത്താനാവുകയെന്നും പ്രിയങ്ക ചോദിച്ചു. ബദൗനിലെ ഉഗൈതി പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ അംഗനവാടി ജീവനക്കാരിയെയാണ് ജനുവരി മൂന്നിന് ഒരു ക്ഷേത്ര പൂജാരിയും കൂട്ടാളികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. എല്ലാ പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

''ഇതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രികളുടെ സുരക്ഷ ഉറപ്പുവരുത്താനാവുമോ? ആരാണ് കൊല്ലപ്പെട്ട സ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവിട്ടതെന്ന കാര്യം ബദൗന്‍ ജില്ലാ ഭരണകൂടം അന്വേഷിക്കണം''- പ്രിയങ്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൊല്ലപ്പെട്ട സ്ത്രീ വൈകുന്നേര സമയത്ത് പുറത്തുപോയില്ലായിരുന്നെങ്കില്‍ ബലാല്‍സംഗം നടക്കുകയില്ലായിരുന്നെന്നാണ് ദേശീയ വനിതാ കമ്മീഷനംഗം ചന്ദ്രമുഖി ദേവി പറഞ്ഞത്. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു ചന്ദ്രമുഖിയുടെ പ്രതികരണം. 'ആരൊക്കെ നിര്‍ബന്ധിച്ചിട്ടാണെങ്കിലും അവര്‍ സമയം ശ്രദ്ധിക്കണമായിരുന്നു. വൈകി ഒരിക്കലും പുറപ്പെടരുത്. അവര്‍ വൈകുന്നേരം തനിയെ പുറത്തിറങ്ങിയിരുന്നില്ലെങ്കിലോ കുടുംബാംഗത്തോടൊപ്പം പോയിരുന്നെങ്കിലോ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് എനിക്ക് തോന്നുന്നു', ചന്ദ്രമുഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്നും രേഖ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു ആക്രമണം.

ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലിസ് പറഞ്ഞു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിയിട്ടുണ്ട്. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News