നീറ്റ് പരീക്ഷ വിവാദം പുകയുന്നു; വിശദ പരിശോധനയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; സർക്കാരിനെതിരെ പ്രിയങ്ക

Update: 2024-06-07 08:47 GMT

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എന്‍ടിഎയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങള്‍ തേടിയിരിക്കുകയാണ്. എന്നാല്‍ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എന്‍ടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയില്‍ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എന്‍ടിഎ വിശദീകരിച്ചിരുന്നു.

അതിനിടെ, നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതെന്തിനാണെന്ന് ചോദിച്ച പ്രിയങ്ക വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാതികള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.

അതേസമയം, നീറ്റ് പരീക്ഷ വിവാദത്തില്‍ എന്‍ടിഎ വിശദീകരണം അംഗീകരിക്കാതെ മുന്നോട്ട് പോവുകയാണ് വിദ്യാര്‍ത്ഥികള്‍. ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയതില്‍ അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എന്‍ടിഎ നല്‍കിയ വിശദീകരണത്തില്‍ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്.

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.

കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഉയരുന്ന ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും അട്ടിമറി നടന്നിട്ടില്ലെന്നുമാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. .

ഇതിനിടെ. നീറ്റ് പരീക്ഷ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും ഒരു പരീക്ഷയുടെയും പേപ്പര്‍ ചോരാതെ നോക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായതെന്നും പരീക്ഷാ ഫലവും അട്ടിമറിച്ചെന്നും കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Tags:    

Similar News