നീറ്റ് പരീക്ഷാ ക്രമക്കേട്; അന്വേഷണം ഊര്‍ജിതം, കേസിലെ മുഖ്യകണ്ണിയ്ക്കായി തിരച്ചില്‍ ശക്തമാക്കി പോലിസ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി ബീഹാര്‍ പോലിസ്. കേസിലെ മുഖ്യ കണ്ണിയായ സഞ്ജീവ് മുഖിയക്കായി തെരച്ചില്‍ പോലിസ് തുടരുകയാണ്. ഇയാളുടെ മകന്‍ നിലവില്‍ ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും സമാനമായ തട്ടിപ്പ് നടത്തിയെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നാണെന്ന റിപോര്‍ട്ടുകളുമുണ്ട്. ഇതിനിടെ, ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുനഃപരീക്ഷ പുതിയ കേന്ദ്രങ്ങളിലായി നാളെ നടക്കും. നെറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം തുടരുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ പുതിയ സെന്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെന്ററുകളില്‍ ആറെണ്ണത്തിലും മാറ്റം വരുത്തിയതായി എന്‍ടിഎ അറിയിച്ചു. രണ്ട് പേര്‍ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെന്റര്‍ മാത്രം നിലനിര്‍ത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെന്ററുകള്‍.