നീറ്റ് പരീക്ഷാ സമ്പ്രദായം റദ്ദാക്കണമെന്ന് എംഇഎസ്

Update: 2024-07-02 07:37 GMT

മലപ്പുറം: അഖിലേന്ത്യാതലത്തിലുള്ള നീറ്റ് പരീക്ഷ പരാജയമാണെന്നും റദ്ദാക്കണമെന്നും എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍. വന്‍തോതില്‍ അഴിമതിയും പേപ്പര്‍ ചോര്‍ച്ചയും ആള്‍മാറാട്ടവുമാണ് നടക്കുന്നത്. മാത്രമല്ല മധ്യപ്രദേശില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അഴിമതി നടന്നു. അനാവശ്യമായി ഇളംപ്രായത്തില്‍ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. നഗരാധിഷ്ഠിതമായ കോച്ചിങ് മാഫിയ ഇതിനെ പിടികൂടിയിരിക്കുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ സ്വീകരിച്ച നിലപാട് കേരള സര്‍ക്കാര്‍ പിന്തുടരണം. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണിത്. എന്‍ജിനീയറിങ്, ആര്‍ട്‌സ്, നഴ്‌സിങ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതേ പാത തന്നെയാണ് നെറ്റ് പരീക്ഷയിലും പിന്തുടരുന്നത്. ജാതി സെന്‍സസ്, സാമ്പത്തിക സാമൂഹിക സര്‍വേ തുടങ്ങിയവ നടപ്പാക്കണം. ഏതെങ്കിലും സമുദായത്തിന് കൂടുതലോ കുറവോ വീതിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. എന്‍എസ്എസോ മറ്റു സംഘടനകളോ ആവശ്യപ്പെടുന്നത് പ്രകാരം കേരള സര്‍ക്കാര്‍ ജാതി സെന്‍സസ് നീട്ടിവയ്ക്കരുത്.

    പ്ലസ്ടുവിന് മലബാറില്‍ അധിക ബാച്ച് അനുവദിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനം ഉറപ്പാക്കണം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് 30 മാര്‍ക്ക് മിനിമം എഴുത്ത് പരീക്ഷയില്‍ വേണമെന്നതിനെ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ എട്ട് മാര്‍ക്ക് മാത്രം മതി എസ്എസ്എല്‍സി ജയിക്കാന്‍. ഗ്രേഡിങ് സമ്പ്രദായം എടുത്ത് കളഞ്ഞ് പഴയത് പോലെ മാര്‍ക്ക് അടിസ്ഥാനത്തിലാക്കണം. ഇന്റേണല്‍ അസസ്‌മെന്റില്‍ അഞ്ച് മാര്‍ക്ക് മാത്രം മതി. മിക്ക സ്‌കൂളുകളിലും ഇപ്പോള്‍ 19/20 എന്ന തോതില്‍ മാര്‍ക്ക് ദാനമാണ് നടക്കുന്നത്. നാലുവര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുമ്പോള്‍ സിലബസ് ഉടന്‍ തയ്യാറാക്കണം. ഇതേക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണം. യുക്രെയ്‌നില്‍ പോയ വിദ്യാര്‍ഥികളുടെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

    ആര്‍ട്‌സ്, എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ വിദേശ പഠനം പരിശോധിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ പുതിയ കോളജുകള്‍ അനുവദിക്കാതിരിക്കണം. സ്ത്രീ വിദ്യാഭ്യാസത്തിനെതിരേ ഏതെങ്കിലും സംഘടനകള്‍ പറയുകയാണെങ്കില്‍ അവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും. മാധ്യമങ്ങള്‍ വിദേശ പഠനത്തിന് പ്രോത്സാഹനം നല്‍കുന്ന ഏജന്റുമാരാവാതെ യുവജനങ്ങളെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്തുന്നതാണ് നാടിന്റെ അഭിവൃധിക്ക് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എംഇഎസ് ജനറല്‍ സെക്രട്ടറി, കെ കെ കുഞ്ഞു മൊയ്തീന്‍, ഖജാഞ്ചി ഒ സി സലാഹുദ്ദീന്‍ പങ്കെടുത്തു.

Tags:    

Similar News