നഴ്‌സറി വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം; ഇന്റര്‍നെറ്റ് റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു
താനെ(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂരിലെ ഒരു സ്‌കൂളിലെ രണ്ട് നഴ്‌സറി വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മിക്ക സ്‌കൂളുകളും ബുധനാഴ്ച അടച്ചിട്ടതായും അധികൃതര്‍ അറിയിച്ചു.
ശുചിമുറിയില്‍ സ്‌കൂള്‍ സ്വീപ്പര്‍ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെതിരേ റെയില്‍വേ സ്‌റ്റേഷനിലും ബദ്‌ലാപൂരിന്റെ വിവിധ ഭാഗങ്ങളിലും കല്ലേറുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ തടയുകയും സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും നേരിയ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. രോഷാകുലരായ പ്രതിഷേധക്കാര്‍ ചില പോലിസ് വാഹനങ്ങള്‍ തകര്‍ത്തു. സംഭവത്തില്‍ നിരവധി പോലിസുകാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, അക്രമവുമായി ബന്ധപ്പെട്ട് 38 ഓളം പേരെ അറസ്റ്റ് ചെയ്തതായും 2,000 പേര്‍ക്കെതിരേ കേസെടുത്തതായും പോലിസ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കും. നിരോധന ഉത്തരവുകളുടെ ലംഘനം, ആയുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരല്‍, ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച മന്ത്രി ഗിരീഷ് മഹാജന്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് നല്‍കിയെങ്കിലും സമരക്കാര്‍ പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ വൈകീട്ടോടെ ട്രെയിന്‍ സര്‍വീസുകള്‍ ക്രമപ്പെടുത്താന്‍ ശ്രമം തുടങ്ങി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ബദ്‌ലാപൂരില്‍ വന്‍ പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കലാപ നിയന്ത്രണ സേന, റെയില്‍വേ പോലിസ്, ബദ്‌ലാപൂര്‍ പോലിസ് എന്നിവരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പ്രിന്‍സിപ്പല്‍, ക്ലാസ് ടീച്ചര്‍, ഒരു വനിതാ ആയ എന്നിവരെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം നടന്നത് ബിജെപി നേതാവിന്റെ സ്‌കൂള്‍ എന്നാണ് റിപോര്‍ട്ട്. മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ ആരതി സിങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. കേസ് അതിവേഗ കോടതിയില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.