കല്‍പറ്റ: വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എ ഗീത ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുന്നോടിയായി പ്രദേശവാസികള്‍ക്കും പുഴയോരവാസികള്‍ക്കും ജാഗ്രത മുന്നറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്.
വൃഷ്ടി പ്രദേശത്ത് അടുത്ത മണിക്കുറുകളില്‍ പെയ്യുന്ന മഴയുടെ തീവ്രതയനുസരിച്ച് അണക്കെട്ട് ഷട്ടര്‍ തുറക്കുന്നതിനായുള്ള സമയം തീരുമാനിക്കും. രാത്രി സമയങ്ങളില്‍ അണക്കെട്ട് ഷട്ടര്‍ തുറക്കില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എ.ഡി.എം എന്‍.ഐ.ഷാജു, ജില്ലാ ഫൈനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജോയി തോമസ് തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബാണാസുരസാഗര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എം.സി.ബാബുരാജ്, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ അണക്കെട്ടിലെ നിലവിലുള്ള ജലക്രമീകരണങ്ങള്‍ വിശദീകരിച്ചു.