കുവൈത്തില്‍ മനുഷ്യക്കടത്ത് കേസില്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗത്തിന് 4 വര്‍ഷം തടവും 19 ലക്ഷം ദിനാര്‍ പിഴയും
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമാദമായ മനുഷ്യക്കടത്ത് കേസില്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം ഷാഹിദുല്‍ ഇസ്‌ലാമിന് കോടതി ശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയം താമസകാര്യ വിഭാഗം മുന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷൈഖ് മാസിന്‍ അല്‍ ജറാഹാദിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇരുവര്‍ക്കും 4 വര്‍ഷം തടവും 19 ലക്ഷം ദിനാര്‍ പിഴയുമാണ് വിധിച്ചത്.
ക്രിമിനല്‍ കോടതി ജഡ്ജി അബ്ദുല്ല അല്‍ ഉസ്മാനാണു വിധി പുറപ്പെടുവിച്ചത്. ഇവര്‍ക്ക് പുറമേ മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ശിക്ഷിച്ചിട്ടുണ്ട്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന പാര്‍ലമന്റ് അംഗം അഹമ്മദ് അല്‍ സഅദൂന്‍, മുന്‍ എം.പി.സാലിഹ് ഖുര്‍ഷിദ് എന്നിവരെ നിരപരാധികളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയച്ചു.
2020 മാര്‍ച്ചിലാണ് ബംഗ്ലാദേശ് പാര്‍ലമന്റ് അംഗം ഷാഹിദുല്‍ ഇസ്‌ലാം കുവൈത്തില്‍ വച്ച് അറസ്റ്റിലാവുന്നത്. കുവൈത്തിലെ പ്രമുഖ ശുചീകരണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ഇയാള്‍ ബംഗ്ലാദേശില്‍ നിന്ന് തൊഴിലാളികളെ പണം ഈടാക്കി കുവൈത്തിലെത്തിച്ചു. ഇയാളുടെ കമ്പനിയില്‍ തന്നെ പണിയും കൊടുത്തു. 3 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി. തൊഴില്‍പ്രശ്‌നത്തില്‍ മാനവശേഷി അധികൃതര്‍ ഇടപെട്ടു. 1500 മുതല്‍ 2000 ദിനാര്‍ വരെ ഏജന്റുമാര്‍ക്ക് നല്‍കിയാണ് തങ്ങള്‍ കുവൈത്തില്‍ എത്തിയതെന്ന് തൊഴിലാളികള്‍ മൊഴികൊടുത്തു. മാനവശേഷി അധികൃതര്‍ വിഷയം കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാഹിദുല്‍ ഇസ്‌ലാം, മാസിന്‍ അല്‍ ജറാഹ് എന്നിവര്‍ അറസ്റ്റിലായത്.
അഴിമതി, അധികാര ദുര്‍വിനിയോഗം. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.