മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ബാങ്ക് സെക്രട്ടറി 27 വര്‍ഷത്തിന് ശേഷം പിടിയില്‍

Update: 2025-03-27 03:37 GMT
മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ബാങ്ക് സെക്രട്ടറി 27 വര്‍ഷത്തിന് ശേഷം പിടിയില്‍

കോട്ടയം: ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്കില്‍ മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ബാങ്ക് സെക്രട്ടറിയെ 27 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. പനമറ്റം മുളകുന്നത്തുറുമ്പില്‍ ഗോപിനാഥന്‍ നായരെ(69)യാണ് കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് വിജിലന്‍സ് അറിയിച്ചു.

ബാങ്കിലെ 1993-97 കാലത്തെ ഇടപാടുകളില്‍ 3.68 കോടിയിലേറെ രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഗോപിനാഥന്‍ നായര്‍, ജോജി ജോസ്, കെ എ ലംബൈ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ അന്വേഷണസംഘം നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തട്ടിപ്പ് നടക്കുമ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അധികാരത്തിലുണ്ടായിരുന്നത്. ഈ കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ ബഹ്‌റൈനിലേക്ക് കടന്നിരുന്നു. 2023ല്‍ വിജിലന്‍സ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കുന്നുവെന്ന വിവരം അറിഞ്ഞ ഇയാള്‍ രഹസ്യമായി തിരികെ വന്ന് ചോറ്റാനിക്കരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തതായി വിജിലന്‍സ് അറിയിച്ചു.

Similar News