സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പൗരാവകാശ നിഷേധമെന്ന് മുവാറ്റുപുഴ അഷറഫ് മൗലവി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് പൗരാവകാശ നിഷേധമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി.
കൊവിഡ് കാലത്തെ സമരങ്ങള്‍ ആരെയാണ് അലോസരപ്പെടുത്തുന്നത്. ഭരണകൂടങ്ങള്‍ ജനവിരുദ്ധ നയങ്ങള്‍ തുടരുമ്പോള്‍ സമരങ്ങളാണ് പൗരന്മാരുടെ അവസാന ആശ്രയം. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം സമരങ്ങള്‍ എന്നത് അംഗീകരിക്കാനാവും. സമരങ്ങള്‍ പാടില്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല. സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണകൂടങ്ങളുടെ അനിയന്ത്രിതമായ ആധിപത്യത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. അത് ജനാധിപത്യ വിരുദ്ധവുമാണ്. കോടതികളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിന് അനുകൂലമായ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത് നിരന്തര സമരത്തിലൂടെയാണ്. എന്നാല്‍ അപ്രഖ്യാപിത രാജവാഴ്ചയ്ക്ക് ചൂട്ടുപിടിക്കുന്ന തരത്തിലുള്ള സമീപനങ്ങളാണ് കോടതികളില്‍ നിന്നു പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സാഹചര്യം കണക്കിലെടുത്ത് കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് നീതിപീഠം ചെയ്യേണ്ടതെന്നും മുവാറ്റുപുഴ അഷറഫ് മൗലവി വ്യക്തമാക്കി.