രഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ

Update: 2024-04-26 10:44 GMT

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്ന കാര്യം പരിഗണിക്കാനൊരുങ്ങി ബിസിസിഐ. ഇക്കാര്യം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു.

ഐപിഎല്‍ ഇതര കളിക്കാരെ കൂടി പരിഗണിക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ ആശയം. നിലവില്‍ 40ലധികം രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒരു താരത്തിന് പ്രതിദിനം 60,000 രൂപയാണ് ബിസിസിഐ നല്‍കുന്നത്. 21 മുതല്‍ 40 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് ദിവസേന 50,000 രൂപ വീതവും 20 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് 40,000 രൂപ വീതവുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഈ കണക്കുകള്‍ പ്രകാരം ടീം ഫൈനലിലെത്തിയാല്‍ ഒരു സീനിയര്‍ കളിക്കാരന് 25 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും. ടീമിലെ മറ്റ് താരങ്ങള്‍ക്ക് 17 മുതല്‍ 22 ലക്ഷം രൂപവരെയും സമ്പാദിക്കാനാകും. അതേസമയം ഒരു കളിക്കാരന്‍ 10 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കുകയാണെങ്കില്‍ അയാളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വര്‍ധിപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപോര്‍ട്ട്.

വിജയ് ഹസാരെ, മുഷ്താഖ് അലി തുടങ്ങിയ ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിലൂടെയും ഇനി കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നേടാനാകും. ബിസിസിഐ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത സീസണ്‍ മുതല്‍ മാറ്റങ്ങള്‍ കാണാനായേക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ ആഭ്യന്തര താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഐപിഎല്ലില്‍ പങ്കെടുക്കാത്ത ആഭ്യന്തര താരങ്ങളുടെ വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് ഈ നീക്കം. ദേശീയ ടീമില്‍ കളിക്കുന്ന പല താരങ്ങളും ദേശീയ ടീമിനൊപ്പം മത്സരങ്ങളില്ലാത്തപ്പോള്‍ ആഭ്യന്തര മത്സരങ്ങള്‍ ഒഴിവാക്കുന്നത് പതിവായിരുന്നു. ഇഷാന്‍ കിഷനടക്കമുള്ള താരങ്ങള്‍ക്ക് ഇക്കാര്യത്തിന് ബിസിസിഐ താക്കീത് നല്‍കുകയും ചെയ്തിരുന്നു.

Tags:    

Similar News