'ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയാകട്ടെ': ദ്രൗപദി മുര്‍മുവിന് ആശംസകളുമായി യശ്വന്ത് സിന്‍ഹ

Update: 2022-07-21 17:59 GMT

ന്യൂഡല്‍ഹി: നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ആശംസ നേര്‍ന്ന് പ്രതിപക്ഷസ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കാന്‍ ദ്രൗപതി മുര്‍മുവിന് കഴിയട്ടെയെന്നും എല്ലാ ഇന്ത്യക്കാരെയും പോലെ അവരെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം എഴുതി. ട്വിറ്ററിലൂടെയാണ് തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയെ യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചത്.

'2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ദ്രൗപതി മുര്‍മുവിനെ എന്റെ സഹ പൗരന്മാരോടൊപ്പം ഞാനും അഭിനന്ദിക്കുന്നു. റിപ്പബ്ലിക്കിന്റെ 15ാമത് പ്രസിഡന്റ് എന്ന നിലയില്‍, അവര്‍ ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു,' സിന്‍ഹ ട്വീറ്റ് ചെയ്തു.

64 കാരിയായ ദ്രൗപതി മുര്‍മു പ്രസിഡന്റാകുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അവര്‍ മൂന്ന് റൗണ്ട് വോട്ടെണ്ണലിന് ശേഷം മൊത്തം വോട്ട് മൂല്യത്തിന്റെ 50 ശതമാനത്തിലധികം നേടിയാണ് വിജയിച്ചത്.

'തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിന് രണ്ട് പ്രധാന വഴികളിലൂടെ ഗുണം ചെയ്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നാമതായി, ഇത് മിക്ക പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു പൊതു വേദിയിലേക്ക് കൊണ്ടുവന്നു. ഇത് തീര്‍ച്ചയായും ആവശ്യമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനപ്പുറം പ്രതിപക്ഷഐക്യം തുടരാന്‍ ഞാന്‍ അവരോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു''- അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Similar News