തൊലി ഉരിയുന്നതുവരെ അടിച്ച് പൊളിക്കും: ചൈനയില്‍ വൈഗുര്‍ മുസ്‌ലിംകളെ 'നന്നാക്കുന്ന' തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
31 കാരനായ മോഡല്‍ കട്ടിലില്‍ ചങ്ങലക്കിട്ട അവസ്ഥയിലാണ് വീഡിയോ ചിത്രീകരിച്ചത്.
ന്യൂയോര്‍ക്ക: വൈഗൂര്‍ മുസ്‌ലിംകളെ കമ്യൂണിസ്റ്റ് ചൈനയിലെ ഭരണാധികാരികള്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈഗൂര്‍ വംശജനായ മോഡല്‍ പുറത്തുവിട്ടു. അടുത്ത കാലം വരെ ചൈനീസ് ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ടൊബാവോയുടെ ബ്രാന്റ്് അംബാസിഡറായിരുന്ന മെര്‍ദാന്‍ ഗാപ്പര്‍ ആണ് വൈഗൂര്‍ വംശജര്‍ക്കു വേണ്ടിയുള്ള തടവറയില്‍ നിന്നും വീഡിയോ പകര്‍ത്തി പുറംലോകത്തേക്ക് അയച്ചത്.
31 കാരനായ മോഡല്‍ കട്ടിലില്‍ ചങ്ങലക്കിട്ട അവസ്ഥയിലാണ് വീഡിയോ ചിത്രീകരിച്ചത്. കാവല്‍ക്കാര്‍ കാണാതെ ഒളിച്ചുവെച്ച മൊബൈല്‍ഫോണ്‍ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. വിഡിയോ യൂറോപ്പിലെ പ്രവാസികളായ ബന്ധുക്കള്‍ക്ക് മെര്‍ദാന്‍ ഗാപ്പര്‍ അയച്ചുകൊടുത്തു. വീഡിയോയും പടങ്ങളും നെതര്‍ലാന്‍ഡില്‍ താമസിക്കുന്ന ഗാപ്പറിന്റെ അമ്മാവന്‍ അബ്ദുല്‍ഹകിം ഗാപ്പര്‍ ബിബിസിക്ക് കൈമാറിയതോടെയാണ് വൈഗൂര്‍ ക്യാംപിലെ ദൃശ്യങ്ങള്‍ പുറത്തെത്തിയത്. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നും പത്തു വര്‍ഷം മുന്‍പ് യൂറോപ്പിലേക്ക് പലായനം ചെയ്തതാണ് അബ്ദുല്‍ ഹകീം.
റീ-എഡ്യൂക്കേഷന്‍' ക്യാംപ് എന്ന പേരില്‍ വൈഗൂര്‍ മുസ്‌ലിംകളെ മതവിരുദ്ധരാക്കാന്‍ വേണ്ടി ഒരുക്കിയ തടങ്കല്‍ കേന്ദ്രങ്ങളില്‍ ഒരു ദശലക്ഷത്തിലധികം പേരെ പലപ്പോഴായി തടവിലിട്ടിരുന്നു. 'ഇസ്‌ലാമിക തീവ്രവാദ'ത്തിന്റെ അപകടങ്ങളെക്കുറിച്ച് വൈഗൂര്‍ മുസ്‌ലികളെ പഠിപ്പിക്കുന്നതിനുള്ള സന്നദ്ധ വിദ്യാലയങ്ങളാണെന്ന് ബീജിംഗ് തറപ്പിച്ചുപറയുന്ന ക്യാംപുകള്‍ പീഡന കേന്ദ്രങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
കേന്ദ്രത്തില്‍ എത്തിക്കുന്നവരെ തൊലി ഉരിഞ്ഞുപോകുന്നതുവരെ കാവല്‍ക്കാര്‍ അടിക്കാറുണ്ടെന്ന് അമ്മാവന് അയച്ച സന്ദേശത്തില്‍ മെര്‍ദാന്‍ ഗാപ്പര്‍ പറഞ്ഞു. അഞ്ചു മാസം മുന്‍പാണ് മെര്‍ദാന്‍ ഗാപ്പര്‍ ദൃശ്യങ്ങള്‍ അയച്ചത്. അതിനുശേഷം അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മെര്‍ദാന്‍ ഗാപ്പര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ചൈനീസ് സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും അബ്ദുല്‍ ഹകീം പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്തു.