വൈഗൂര്‍: യുഎസിനെതിരേ ചൈനയുടെ പ്രതികാരം; നേതാക്കള്‍ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി
വൈഗൂര്‍ മുസ്‌ലിംകളെ വേട്ടയാടുന്നതിനെതിരേ കഴിഞ്ഞ ആഴ്ച യുഎസ് സിന്‍ജിയാങ്ങിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവി ചെന്‍ ക്വാങ്കുവോ ഉള്‍പ്പെടെ നിരവധി ചൈനീസ് ഉദ്യോസ്ഥര്‍ക്ക് വിസ നിരോധനവും ആസ്തി മരവിപ്പിക്കലും ഏര്‍പ്പെടുത്തിയിരുന്നു.
ബെയ്ജിങ്: വൈഗൂര്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതിന് നിരവധി ചൈനീസ് രാഷ്ട്രീയ നേതാക്കളെ വാഷിങ്ടണ്‍ കരിമ്പട്ടികയില്‍ പെടുത്തിയതിനുപിന്നാലെ പ്രതികാരനടപടിയായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മാര്‍ക്കോ റൂബിയോ, ടെഡ് ക്രൂസ് എന്നിവരുള്‍പ്പെടെ ഒരു കൂട്ടം അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി ചൈന.
റിപ്പബ്ലിക്കന്‍ പാര്‍ലമെന്റ് അംഗവും ചൈനയുമായി ബന്ധപ്പെട്ട യുഎസ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മീഷനുമായ ക്രിസ് സ്മിത്ത്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് എന്നിവരെ ലക്ഷ്യം വച്ചുള്ള നടപടികള്‍ ആരംഭിച്ചതായി ചൈനീ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിംഗ് പറഞ്ഞു. 'നുബന്ധ നടപടികള്‍' എന്തായിരിക്കുമെന്ന് ഹുവ വിശദീകരിച്ചിട്ടില്ല.
വൈഗൂര്‍ മുസ്‌ലിംകളെ വേട്ടയാടുന്നതിനെതിരേ കഴിഞ്ഞ ആഴ്ച യുഎസ് സിന്‍ജിയാങ്ങിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവി ചെന്‍ ക്വാങ്കുവോ ഉള്‍പ്പെടെ നിരവധി ചൈനീസ് ഉദ്യോസ്ഥര്‍ക്ക് വിസ നിരോധനവും ആസ്തി മരവിപ്പിക്കലും ഏര്‍പ്പെടുത്തിയിരുന്നു.
'യുഎസിന്റെ തെറ്റായ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതും ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരവുമായ എന്തെങ്കിലും വാക്കുകളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്നും ഹുവ പറഞ്ഞു. സാഹചര്യം അനുസരിച്ച് ചൈന കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിന്‍ജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷമായ വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.