തിരുവനന്തപുരത്ത് ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ; രണ്ടാഴ്ചയോളം പഴക്കം

Update: 2024-05-17 12:15 GMT

തിരുവനന്തപുരം: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയെ സ്ഥാപനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൈക്കാട് 'നാച്ചുറല്‍ റോയല്‍ സലൂണ്‍' ഉടമയും മാര്‍ത്താണ്ഡം സ്വദേശിയുമായ ഷീല(55)യെയാണ് സ്ഥാപനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലിസ് പറയുന്നത്.

ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ട്യൂഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ ട്യൂഷന്‍ സെന്ററിലെ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടത്. തുടര്‍ന്ന് കെട്ടിട ഉടമയായ കണ്ണേറ്റുമുക്ക് സ്വദേശി ഷാജിയെ വിവരമറിയിച്ചു. തമ്പാനൂര്‍ പോലിസും സ്ഥലത്തെത്തി. തുടര്‍ന്ന് ബ്യൂട്ടി പാര്‍ലറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഷീലയെ മരിച്ചനിലയില്‍ കണ്ടത്.

സ്ഥാപനത്തിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വാതിലിന്റെ പൂട്ട് തകര്‍ത്താണ് പോലിസ് സംഘം അകത്തുകടന്നത്. മരിച്ച ഷീലയ്ക്ക് ശാരീരിക അവശതകളുണ്ടായിരുന്നതായാണ് വിവരം. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ്. ഏതാനുംദിവസങ്ങളായി ഷീലയെ പുറത്തുകണ്ടിരുന്നില്ലെന്ന് സമീപ സ്ഥാപനങ്ങളുടെ ഉടമകള്‍ പറഞ്ഞു.

Tags:    

Similar News