'രാഷ്ട്രീയക്കാരനാവുക എന്നാല്‍ ഫോര്‍ച്യൂണര്‍കൊണ്ട് ഇല്ലാതാക്കുക എന്നല്ല'; ലഖിംപൂര്‍ കൂട്ടക്കുരുതിയില്‍ പരോക്ഷ വിമര്‍ശനവുമായി യുപി ബിജെപി അധ്യക്ഷന്‍
ലഖിംപുര്‍ സംഭവത്തില്‍ ആശിഷ് മിശ്ര അറസ്റ്റിലായതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം.
ലഖ്‌നൗ: ലഖിംപുര്‍ സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രിയുടെ പുത്രന്‍ ആശിഷ് മിശ്രക്കെതിരേ പരോക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്ല പെരുമാറ്റത്തിലൂടെ ജനങ്ങളുട വിശ്വാസം നേടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിങ് ഒരു രാഷ്ട്രീയ നേതാവാകുക എന്നാല്‍ ആരെയെങ്കിലും ''ഫോര്‍ച്യൂണര്‍' ഉപയോഗിച്ച് ഇല്ലാതാക്കുക എന്നല്ലെന്നും വ്യക്തമാക്കി.ലഖിംപുര്‍ സംഭവത്തില്‍ ആശിഷ് മിശ്ര അറസ്റ്റിലായതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം.
'ജനങ്ങളെ കൊള്ളയടിക്കാനോ ഫോര്‍ച്യൂണര്‍ വാഹനം ഉപയോഗിച്ച് ആരെയെങ്കിലും ചതച്ചരക്കാനോ അല്ല നമ്മള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ പെരുമാറ്റത്തിനാണ് വോട്ട് ലഭിക്കുന്നത്. നിങ്ങളുടെ പ്രദേശത്തെ 10 പേര്‍ നിങ്ങളെ പ്രശംസിച്ചാല്‍ അഭിമാനംകൊണ്ട് എന്റെ മനസു തുടിക്കും. നിങ്ങളുടെ പെരുമാറ്റം അത്തരത്തിലായാല്‍ ജനങ്ങള്‍ നിങ്ങളെ കാണുമ്പോള്‍ മുഖംതിരിക്കില്ല.' ന്യൂനപക്ഷ മോര്‍ച്ചയുടെ ഒരു പരിപാടിയില്‍ സ്വതന്ത്ര ദേവ് സിങ് പറഞ്ഞു.