ലഖിംപൂര്‍ കര്‍ഷക കൂട്ടക്കുരുതി: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ആശിഷ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Update: 2021-10-09 05:56 GMT

ലഖ്‌നോ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചുകയറ്റികൊന്ന കേസിലെ പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ അന്വേഷണം നടത്തുന്ന ഉത്തര്‍പ്രദേശ് ലഖിംപൂറിലെ ക്രൈംബ്രാഞ്ചിന് മുമ്പാകെയാണ് ആശിഷ് മിശ്ര ഹാജരായത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ആശിഷ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. ശനിയാഴ്ച രാവിലെ 10.40 ഓടെയാണ് ആശിഷ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പുതിയ സമന്‍സ് പോലിസ് ആശിഷിന് നല്‍കിയിരുന്നു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ആശിഷ് മിശ്രയെ വെള്ളിയാഴ്ച പോലിസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര പറഞ്ഞു. ഞങ്ങള്‍ക്ക് നിയമത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്റെ മകന്‍ നിരപരാധിയാണ്. മൊഴി രേഖപ്പെടുത്താന്‍ അദ്ദേഹം ശനിയാഴ്ച പോലിസിന് മുന്നില്‍ ഹാജരാവുമെന്നാണ് വെള്ളിയാഴ്ച ലഖ്‌നോവിലെത്തിയ കേന്ദ്ര മന്ത്രി അജയ് മിശ്ര പ്രതികരിച്ചത്.

അതേസമയം, കര്‍ഷക കൂട്ടക്കുരുതിയില്‍ കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചത്. സുപ്രിംകോടതി പറയുന്നത് പ്രകാരം തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു യോഗിയുടെ പ്രതികരണം. സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്‍ക്കെതിരേയും നടപടി സ്വീകരിക്കില്ലെന്നും കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കര്‍ഷക കൂട്ടക്കുരുതിയില്‍ യുപി സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്യാന്‍ യുപി പോലിസ് നിര്‍ബന്ധിതരായത്.

ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും സുപ്രിംകോടതി യുപി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടും ആശിഷ് മിശ്രയെ ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാവാതെ പോലിസ് ഒളിച്ചുകളിക്കുകയായിരുന്നു.

Tags:    

Similar News