മാളയില്‍ ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

Update: 2022-07-09 15:22 GMT

മാള: വിശ്വാസവഴിയില്‍ മുന്നേറാന്‍ ത്യാഗത്തിന്റെ കനല്‍പഥങ്ങള്‍ താണ്ടേതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി സമാഗതമാകുന്ന ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. പെരുന്നാള്‍ ദിനത്തിലെ ശ്രേഷ്ട കര്‍മ്മമായ ഈദ് നമസ്‌കാരത്തിന് പള്ളികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

മഴ കനത്ത സാഹചര്യത്തില്‍ പള്ളികളോട് അനുബന്ധിച്ച് നമസ്‌കാരത്തിനായി അധിക സൗകര്യങ്ങള്‍ ഒരുങ്ങുകയാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം വരുന്ന ആദ്യ ബലി പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാര്‍ പ്രവാസികള്‍ കൂടി എത്തുന്നതോടെ മസ്ജിദുകള്‍ ജനനിബിഡമാകാന്‍ സാധ്യതയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്.

പെരുന്നാള്‍ ദിനത്തിലെ മറ്റൊരു പുണ്യകര്‍മ്മമായ ബലികര്‍മ്മത്തിനായും മഹല്ല്, മസ്ജിദ് കമ്മിറ്റികള്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മഴയുടെ പ്രതികൂല സാഹചര്യം പരിഗണിച്ച് ഇതിനായി പ്രത്യേക പന്തലുകള്‍ ഒരുങ്ങുകയാണ്. പെരുന്നാള്‍ കോടി എടുക്കുന്നതിനായി എത്തുന്നവരുടെ തിരക്ക് വസ്ത്രക്കടകളില്‍ വര്‍ധിച്ച് വരുന്നതായി കടയുടമകള്‍ പറഞ്ഞു. കൊവിഡിന് ശേഷമുള്ള ആദ്യ ബലിപെരുന്നാള്‍ ആയതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വസ്ത്ര വ്യാപാരികള്‍ വലിയ സെലക്ഷനാണ് ഒരുക്കിയിരിക്കുന്നത്.

മേഖലയിലെ പള്ളികളില്‍ രാവിലെ നടക്കുന്ന ഈദ് നമസ്‌കാരത്തിനും ഖുത്തുബക്കും ഖത്തീബുമാര്‍ നേതൃത്വം നല്‍കും. വെള്ളാങ്കല്ലൂര്‍ ബുസ്താനിയ്യ ബോര്‍ഡിംഗ് ഹോമില്‍ അറഫദിന അനുസ്മരണം സംഘടിപ്പിച്ചു. ഉസ്താദ് താജുദ്ധീന്‍ അഷറഫി പ്രാര്‍ഥന നടത്തി.

Similar News