മുസ് ലിം വിരുദ്ധത ഇന്ന് ഇന്ത്യയില്‍ വലിയൊരു മൂലധനമാണ്. എത്രത്തോളം ഇസ് ലാം വിരുദ്ധമാകുമോ അത്രത്തോളം പൊതുബോധത്തെ തൃപ്തിപ്പെടുത്താമെന്നാണ് ഓരോ പാര്‍ട്ടികളും കരുതുന്നത്. ഇസ് ലാം വിരുദ്ധതയുടെ ഗുണഭോക്താക്കള്‍ ബിജെപി പോലുളള ഹിന്ദുത്വ പാര്‍ട്ടികളാണെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ ഗുണഭോക്താക്കള്‍ ബിജെപി മാത്രമല്ല, ജനാധിപത്യ, മതേതര കക്ഷികളുമാണെന്നതാണ് പുതിയ വിശകലനങ്ങള്‍ തെളിയിക്കുന്നത്.
കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി ചേര്‍ന്നു. ബംഗാളില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഒരൊറ്റ എംഎല്‍എ പോലുമില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ട് പൂജ്യത്തിലേക്കെത്തിയതിന്റെ കാരണം തിരയുകയായിരുന്നു പ്രധാന അജണ്ട. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയവും ചര്‍ച്ച ചെയ്തു.
ഒടുവില്‍ ബംഗാളിലെ പരാജയത്തെക്കുറിച്ച് ഒരു നിഗമനത്തിലെത്തി. സിപിഎമ്മിന്റെ ഐക്യമുന്നണിയിലുള്‍പ്പെട്ട ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമാണ് അക്കൗണ്ട് പൂജ്യത്തിലേക്കെത്തിച്ചതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍.
ഐഎസ്എഫിനെക്കുറിച്ചുള്ള കമ്മിറ്റി വിലയിരുത്തല്‍ ഇങ്ങനെ: അബ്ബാസ് സിദ്ദിഖിയുടെ പുതുതായി രൂപീകരിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് മതേതര പാര്‍ട്ടികളുടെ എല്ലാ സ്വഭാവവുമുള്ള സംഘടനയാണ്. അവര്‍ മല്‍സരിപ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വഭാവവും മതേതരമാണ്. അവരുടെ പരിപാടികളും മതേതരം തന്നെ. ഇതൊക്കെയാണെങ്കിലും അവരുടെ മുസ് ലിം സ്വത്വം അടര്‍ത്തിമാറ്റാന്‍ ആ പാര്‍ട്ടിക്കായില്ല. ഇപ്പോഴും ജനങ്ങള്‍ ഐഎസ്എഫിനെ മുസ് ലിം പാര്‍ട്ടിയായി കാണുന്നു. തങ്ങളുടെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നിലും അതാണെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം.
രാജ്യത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിച്ചതും സിപിഎമ്മിന്റെ അണികളില്‍ തന്നെ ഉണ്ടായിട്ടുള്ള കാവിവല്‍ക്കരണവും, സ്വാഭാവികമായ വോട്ട് ചോര്‍ച്ചയും- ഇതൊന്നും കാരണമായി കേന്ദ്ര കമ്മിറ്റിക്ക് തോന്നിയില്ല. പകരം മുസ് ലിംകള്‍ കൂടുതലുള്ള ഒരു പാര്‍ട്ടിയുമായി തങ്ങളുണ്ടാക്കിയ ധാരണയാണ് വില്ലനായതെന്ന് ഇടത് പാര്‍ട്ടിയുടെ പ്രധാന ബോഡി വിലയിരുത്തുന്നു.
ഇത് പല തരത്തില്‍ പ്രകോപനപരമായ ഒരു അഭിപ്രായമാണ്. എങ്കിലും അതിലേക്ക് കടക്കും മുമ്പ് അതിന്റെ രസകരമായ ചില വശത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.
അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി താരതമ്യേന പുതിയ പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആ പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. താമസിയാതെ ഇടത്പക്ഷവും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന സംയുക്ത മോര്‍ച്ചയില്‍ അവരും അംഗമായി. തൃണമൂലും ബിജെപിയുമായിരുന്നു ബംഗാളിലെ മറ്റ് രണ്ട് പ്രധാന മുന്നണികള്‍.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 38 ഇടങ്ങളില്‍ ഐഎസ്എഫ് മല്‍സരിച്ചു. ഒരു സീറ്റില്‍ ജയിച്ചു. പാര്‍ട്ടി സ്ഥാപകന്‍ നവാസ് സിദ്ദിഖിയും മല്‍സരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരാള്‍ ജയിച്ചു, നവാസ് സിദ്ദിഖി.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 138 സീറ്റിലാണ് മല്‍സരിച്ചത്. ഫലം വന്നപ്പോള്‍ 4.73 ശതമാനം വോട്ട് നേടി. സംയുക്ത മോര്‍ച്ചയ്ക്ക് ലഭിച്ചത് 9.9 ശതമാനം വോട്ട്. ഇതില്‍ ആകെ ഇടതുപക്ഷം നേടിയത് 5.36 ശതമാനം. കോണ്‍ഗ്രസ് 2.3ശതമാനവും ഐഎസ്എഫ് 1.38 ശതമാനവും വോട്ട് നേടി.
അതിനു തൊട്ടു മുമ്പ് നടന്ന 2016 തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് 21.5 ശതമാനം വോട്ടാണ് ലഭിച്ചത്. മൂന്ന് വര്‍ഷത്തിനുശേഷം അതായത് 2019ല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അത് 7.4 ശതമാനം വോട്ടായി കുറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ അത് വീണ്ടും 5.6ശതമാനമായി ഇടിഞ്ഞു.
ഈ വീഴ്ചയാണ് ഐഎസ്എഫിന്റെ തലയില്‍ സിപിഎം സിസി കെട്ടിവയ്ക്കുന്നത്.
തങ്ങളുടെ പരാജയത്തിന് കാരണക്കാരായി ഐഎസ്എഫിനെ മുന്നോട്ടുവയ്ക്കുമ്പോള്‍ സിപിഎം മറന്നുപോകുന്ന ഒരു വസ്തുത അവരുടെ വോട്ട് ഷെയര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ക്രമമായി ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. ആ സമയത്തൊന്നും ഐഎസ്എഫ് എന്ന പാര്‍ട്ടി രൂപീകരിക്കപ്പെട്ടിട്ടുപോലുമില്ല.
മറ്റൊന്ന് മുസ് ലിം മതപരതയെ തൊട്ടുകൂടാനാവത്ത ഒരു പ്രവണതയായി അവര്‍ കാണുന്നു എന്നതാണ്. രാജ്യത്തെ ഹൈന്ദവ വിഭാഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചായിരിക്കണം തങ്ങളുടെ നയപരിപാടികളും ഐക്യമുന്നണികളും രൂപീകരിക്കേണ്ടതെന്ന സന്ദേശവും ഇത് നല്‍കുന്നു. ഇന്ത്യന്‍ മതേതര ചിന്ത എത്തിച്ചേര്‍ന്ന വിപര്യയമായി ഇതിനെ കണക്കാക്കാം.