അധ്യാപക നിയമന അഴിമതി;ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയുടെ വീട്ടിലും ഇഡി റെയ്ഡ്
പാര്‍ത്ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും റെയ്ഡ് നടന്നത്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥാ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്.പാര്‍ത്ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ വീട്ടിലും റെയ്ഡ് നടന്നത്.
അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അര്‍പിത മുഖര്‍ജിയുടെ വസതിയില്‍നടന്ന പരിശോധനയിലാണ് കഴിഞ്ഞ ദിവസം 20 കോടി രൂപ ഇഡി കണ്ടെടുത്തത്.പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും പശ്ചിമ ബംഗാള്‍ പ്രൈമറി എജുക്കേഷന്‍ ബോര്‍ഡിലെയും റിക്രൂട്ട്‌മെന്റ് അഴിമതിയില്‍ നിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂര്‍ത്തിയാക്കിയത്. റെയ്ഡില്‍ 20 മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. ഇത്രയും മൊബൈലുകളുടെ ആവശ്യമെന്താണെന്ന് അര്‍പിതക്ക് വിശദീകരിക്കാനായില്ല.
വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, എംഎല്‍എ മാനിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വസതികളിലും പരിശോധന നടത്തിയിരുന്നു.