അധ്യാപക നിയമന അഴിമതി: ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥയും സുഹൃത്തും ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Update: 2022-08-05 13:24 GMT

കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും സുഹൃത്ത് അര്‍പിത മുഖര്‍ജിയെയും 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇഡിയുടെ ആവശ്യം കണക്കിലെടുത്ത് കൊല്‍ക്കത്തയിലെ പ്രത്യേക പിഎംഎല്‍എ കോടതി ജഡ്ജി ജിബോണ്‍കുമാര്‍ സാധുവാണ് ജാമ്യാപേക്ഷ തള്ളി പാര്‍ഥയേയും അര്‍പിതയേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടത്. കേസ് ഈമാസം 18 ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം 23ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

അര്‍പിതയുടെ ഫഌറ്റില്‍ നിന്ന് 50 കോടി രൂപയും ആഭരണങ്ങളും സ്വര്‍ണക്കട്ടികളും കമ്പനി രേഖകളും പിടിച്ചെടുത്തിരുന്നു. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014-21 കാലത്ത് നടന്ന അഴിമതി കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ അന്വേഷിച്ചുവരികയാണ്. ഏപ്രിലിലും മേയിലും സിബിഐ മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളുകള്‍ക്കായി സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ (എസ്എസ്‌സി) നടത്തിയ അധ്യാപകരുടെയും ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും നിയമനത്തിലാണ് ക്രമക്കേട് നടന്നത്. ഇതിലെ സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    

Similar News