'കണക്കിലില്ലാത്ത' ജിഎസ്ഡി നമ്പര്‍ കണ്ടെത്തിയെന്ന് ഇഡി: പാര്‍ത്ഥാ ചാറ്റര്‍ജിയുടെയും അര്‍പിത മുഖര്‍ജിയുടെ കസ്റ്റഡി കാലവധി അവസാനിച്ചു
കൊല്‍ക്കത്ത: അഴിമതി സുഗമമാക്കാന്‍ അര്‍പിത മുഖര്‍ജി 'കണക്കിലില്ലാത്ത' ജിഎസ്ടി നമ്പറുകള്‍ ഉപയോഗിച്ചതായി ഇ ഡി ഉദ്യോഗസ്ഥര്‍. അഴിമതിപ്പണം നിയമപരമാക്കാന്‍ അവരുടെ നെയില്‍ സലൂണിന്റെ മറവില്‍ കണക്കില്‍ ഉള്‍പ്പെടുത്താത്ത ജിഎസ്ടി നമ്പറുകള്‍ ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം. പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കൂട്ടാളി അര്‍പിതയുടെ ബിസിനസ് വിശദാംശങ്ങള്‍ പുറത്തുവന്നത്. ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സഹായിയായ അര്‍പിതയുടെ ഫ്‌ലാറ്റുകളില്‍നിന്ന് 52 കോടി രൂപ കണ്ടെടുത്തിരുന്നു.
പാര്‍ത്ഥ ചാറ്റര്‍ജിയുടെയും അര്‍പ്പിത മുഖര്‍ജിയുടെയും 10 ദിവസത്തെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കുകയാണ്. ഇവരെ ഇന്ന് പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും.
കേസിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ ഫോര്‍ട്ട് ഒയാസിസ് അപ്പാര്‍ട്ട്‌മെന്റിലെ ഓം ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ഒരു ഫ്‌ലാറ്റ് ഇഡി ചൊവ്വാഴ്ച സീല്‍ ചെയ്തിട്ടുണ്ട്. ഇത് പാര്‍ത്ഥ ചാറ്റര്‍ജിക്ക് ഒരു വ്യവസായി സമ്മാനമായി നല്‍കിയതാണെന്നും അര്‍പിത മുഖര്‍ജി അത് ഉപയോഗിക്കുകയായിരുന്നുവെന്നും ഇ ഡി ആരോപിക്കുന്നു.
അര്‍പിത മുഖര്‍ജി നടത്തുന്ന മൂന്ന് നെയില്‍ സലൂണുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഒരെണ്ണം വടക്കന്‍ കൊല്‍ക്കത്തയിലെ ബാരങ്കേയിലും മറ്റൊന്ന് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള പാട്ടുലി ടൗണ്‍ഷിപ്പിലും മൂന്നാമത്തേത് ലേക്ക് വ്യൂ റോഡിലും തെക്ക് ഭാഗത്താണ്. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നതിന് അര്‍പിത മുഖര്‍ജി ഒരു ജിഎസ്ടി നമ്പര്‍ ഉപയോഗിച്ചതായി ഇഡി കണ്ടെത്തി. മറ്റൊരു ജിഎസ്ടി നമ്പറും അവളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അവര്‍ പറഞ്ഞു, എന്നാല്‍ ഇത് ഒരു ബിസിനസ്സുമായും ബന്ധിപ്പിച്ചിട്ടില്ല. നികുതി വെട്ടിക്കുന്നതിനായി മറ്റ് ജിഎസ്ടി നമ്പര്‍ നിയമവിരുദ്ധമായി സൃഷ്ടിച്ചതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
തന്റെ ഫ്‌ലാറ്റുകളില്‍ നിന്ന് കണ്ടെടുത്ത പണം തന്റെ അറിവോടെയല്ല സൂക്ഷിച്ചതെന്ന് അര്‍പിത മുഖര്‍ജി ചൊവ്വാഴ്ച അവകാശപ്പെട്ടു. തുകയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ ആളുകള്‍ പണം സൂക്ഷിച്ചിരുന്നതായി അറിയാമായിരുന്നെന്നും അവര്‍ നേരത്തെ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞു.
പാര്‍ത്ഥ ചാറ്റര്‍ജി ഉദ്യോഗസ്ഥരുമായി നിസ്സഹകരണം തുടരുകയാണ്. ആരോഗ്യപ്രശ്‌നമുണ്ടെന്നും പരാതിപ്പെടുന്നു.
ചൊവ്വാഴ്ച പാര്‍ത്ഥ ചാറ്റര്‍ജിയെ ആശുപത്രിയില്‍ നിന്ന് ഇഡി ഓഫിസിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു സ്ത്രീ അദ്ദേഹത്തിന് നേരെ ചെരുപ്പ് എറിഞ്ഞു.
പാര്‍ത്ഥ ചാറ്റര്‍ജിയെയും അര്‍പിത മുഖര്‍ജിയെയും 10 ദിവസത്തെ ഇഡി കസ്റ്റഡി ബുധനാഴ്ച അവസാനിക്കുന്നതിനാല്‍ ഇന്ന് പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. തനിക്ക് അഴിമതിയുമായി ബന്ധമില്ലെന്നും ഗൂഢാലോചനയുടെ ഇരയാണെന്നും പാര്‍ത്ഥ ചാറ്റര്‍ജി അവകാശപ്പെട്ടു.