സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്‍മാര്‍
വെള്ള പേപ്പറോ തുണിയോ വെച്ച് സ്‌കാന്‍ ചെയ്താലും വ്യാജ ആപ്പ് രക്തത്തിലെ ഓക്‌സിജന്റെ അളവായി 75നും 100നും ഇടക്കുള്ള ഏതെങ്കിലും സംഖ്യ രേഖപ്പെടുത്തും.
ബംഗളുരു: കൊവിഡ് മഹാമാരിയുടെ കാലത്ത് തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി സൈബര്‍ ക്രിമിനലുകള്‍ രംഗത്തിറങ്ങി. രക്തത്തിലെ ഒക്‌സിജന്റെ അളവ് പരിശോധിക്കുന്ന ഒക്‌സിമീറ്റര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒക്‌സിജന്റെ അളവ് കണ്ടെത്താമെന്നും അങ്ങിനെ കൊവിഡ് കാരണമുണ്ടാകുന്ന പെട്ടെന്നുള്ള മരണം ഒഴിവാക്കാമെന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഫോണില്‍ ഏത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ഓക്‌സിജന്റെ അളവ് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് വസ്തുതയെങ്കിലും ഇത് അറിയാതെ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്.
ഇത്തരം വ്യാജ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകവഴി സൈബര്‍ തട്ടിപ്പുകാരുടെ വലയിലേക്ക് അറിയാതെ പ്രവേശിക്കുകയാണ് സംഭവിക്കുന്നതെന്ന് സൈബര്‍ ലോ ആന്‍ഡ് സെക്യൂരിറ്റി ട്രെയിനറും ബംഗളുരു സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റിലെ പ്രൊഫസറുമായ ഡോ. അനന്ത് പ്രഭു പറഞ്ഞു. രക്തത്തിലെ സാച്ചുറേഷന്‍ ലെവല്‍ അറിയാന്‍ ഉപയോഗിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ 1,400 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും, ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നതിനുപകരം, ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബൈല്‍ ലൈറ്റില്‍ വിരലുകളോ വിരലടയാളമോ വെച്ച് ഒരാള്‍ക്ക് ഓക്‌സിജന്റെ അളവ് അറിയാന്‍ കഴിയുമെന്നാണ് തട്ടിപ്പുകാര്‍ അവകാശപ്പെടുന്നത്. ഓക്‌സിമീറ്റര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മൊബൈലില്‍ സൂക്ഷിച്ച എല്ലാ വിവരങ്ങളും എടുക്കാനുള്ള അനുമതി ചോദിക്കും. ഇതൊന്നും മനസ്സിലാക്കാതെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ എല്ലാം അവര്‍ക്ക് എടുക്കാനാവും. വിരലടയാളം ഉപയോഗിച്ച് തുറക്കാവുന്ന മൊബൈല്‍ ഫോണില്‍ ഫിങ്കര്‍ ലോക്കില്‍ വിരല്‍ അവര്‍ത്തിയാല്‍ സ്‌കാന്‍ ചെയ്ത് രക്തത്തിന്റെ അളവ് അറിയാം എന്നാണ് കാണിക്കുക. വിരടയാളം സ്‌കാന്‍ ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവും. ഈ വിരലടയാളം ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സാധ്യതയുമുണ്ട്.
കൊവിഡ് ബാധിതരില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പലയിടങ്ങളിലും ഇത്തരം മരണങ്ങള്‍ സംഭവിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് സൈബര്‍ ക്രിമിനലുകള്‍ മൊബൈല്‍ഫോണ്‍ വഴി ഓക്‌സിജന്റെ അളവ് കണ്ടെത്താമെന്ന വാഗ്ദാനവുമായി വന്നത്. ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്താന്‍ കഴിയില്ലെന്നും ഇത് ഓക്‌സിമീറ്ററിലൂടെ മാത്രമേ സാധിക്കൂ എന്നും ജനറല്‍ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വൈ എം പ്രശാന്ത് പറഞ്ഞു. ആരോഗ്യസ്ഥിതിയെ കുറിച്ച് ലഭിക്കുന്ന തെറ്റായ വിവരങ്ങളില്‍ വിശ്വസിക്കുന്നത് രോഗിയുടെ ജീവന്‍ അപകടത്തിലാക്കും.
75 മുതല്‍ 100 വരെയാണ് സാധാരണയായി രക്തത്തിലെ ഓക്‌സിജന്റെ അളവ്. വ്യാജ ആപ്പ് വഴി പരിശോധിക്കുമ്പോള്‍ എല്ലാവരിലും ഈ അളവാണ് രേഖപ്പെടുത്തുക. വിരലടയാളത്തിനു പകരം വെള്ള പേപ്പറോ തുണിയോ വെച്ച് സ്‌കാന്‍ ചെയ്താലും വ്യാജ ആപ്പ് രക്തത്തിലെ ഓക്‌സിജന്റെ അളവായി 75നും 100നും ഇടക്കുള്ള ഏതെങ്കിലും സംഖ്യ രേഖപ്പെടുത്തും. വ്യാജ ആപ്പിന്റെ തട്ടിപ്പ് വ്യക്തമാകാന്‍ ഈ ഒരു ഉദാഹരണം മാത്രം മതിയാകും.